കൊല്ലം: വിനോദസഞ്ചാരത്തിനായി കൊല്ലത്തെത്തിയ ഗുജറാത്ത് സ്വദേശിയുടെ വിലപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങളടങ്ങിയ ബാഗ് കൊല്ലം വെസ്റ്റ് പോലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചു നൽകി.
ഗുജറാത്ത് സ്വദേശിയായ വിനോദും കുടുംബവും തങ്കശേരിയിൽ നിന്നും ആനന്ദവല്ലീശ്വരത്തെ ഹോട്ടലിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ കിട്ടിയത്. സിസിടിവി പരിശോധിച്ചതിൽ തിരുമുല്ലവാരം കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷയാണെന്ന് മനസിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ കണ്ടെത്തുന്നത്.
തുടർന്ന് ഓട്ടോറിക്ഷയിൽ നിന്ന് തന്നെ ബാഗ് കണ്ടെത്തി. ഓട്ടോറിക്ഷയിൽ ബാഗ് ഉണ്ടെന്ന് വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ല. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫയാസ്,സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ബിനു, സിപിഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയത്.
Tags : Kerala Police Local News Nattuvishesham Kollam