കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലും വോട്ട് ക്രമക്കേട് ആരോപണവുമായി യുഡിഎഫ്. ശനിയാഴ്ച പുറത്തിറങ്ങിയ കൊടുവള്ളി മുനിസിപ്പാലിറ്റി വോട്ടര്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അനധികൃതമായി കൂട്ടിച്ചേര്‍ത്തും ഒഴിവാക്കിയും വ്യാപക ക്രമക്കേടാണ് നടത്തിയത്. മുനിസിപ്പാലിറ്റിയില്‍ ആയിരത്തിലധികം വോട്ടര്‍മാരെ സ്വന്തം വാര്‍ഡുകളില്‍ നിന്ന് മാറ്റി.
ഡിവിഷന് കൗണ്‍സിലറുടെ ഭാര്യയെ ഉള്‍പ്പെടെ താമസിക്കുന്ന ഡിവിഷനില്‍ നിന്ന് മാറ്റി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ വരെ വോട്ട് സ്വന്തം ഡിവിഷനില്‍ നിന്നും മാറ്റി. ജനാധിപത്യത്തെ അട്ടിമറിച്ച നീക്കത്തിനെതിരേ നിയമപരമായും ജനാധിപത്യപരമായും യുഡിഎഫ് നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് എന്നിവര്‍ പറഞ്ഞു.
സെപ്റ്റംബര്‍ രണ്ടിനാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. അതേ മാസം 29ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 14 വരെ ചേര്‍ത്താനും തള്ളാനും സമയമുണ്ടായിരുന്നു. ഈ സമയത്ത് ഡിലിമിറ്റേഷന്‍ പ്രകാരം 305 പരാതികളാണ് നല്‍കിയത്. എന്നാല്‍ ഒരു പരാതി പോലും പരിഗണിച്ചില്ലെന്ന് എം.എ. റസാഖ് പറഞ്ഞു.
കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ വച്ച് കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ മൂന്നു മുതല്‍ അഞ്ചുവരെ പോലീസ് ക്യാമ്പ് ചെയ്താണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടിക അട്ടിമറിച്ച വിഷയം ചര്‍ച്ചയാവുമെന്നതിനാലാണ് പോലീസിനെ അയച്ചതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഈ വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 22ന് കളക്ടറെ നേരിട്ട് കണ്ട് അപാകതകള്‍ നേരില്‍ അറിയിച്ചിട്ടും കളക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.പി. മജീദ്, കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്മാന് വെള്ളറ അബ്ദു, വി.കെ. അബ്ദു ഹാജി, എസ്.പി. നാസര്‍ എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode UDF