നേമം വട്ടവിള സുരേഷ് റോഡ് റെയില്‍വേ റെയില്‍വേ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇടുങ്ങിയ വഴിയലൂടെയുള്ള നാട്ടുകാരുടെ യാത്ര.
നേമം: തിരുവനന്തപുരം-കന്യാകുമാരി ഇരട്ടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ റോഡ് ഏറ്റെടുത്തതോടെ നാട്ടുകാര്‍ യാത്രദുരിതത്തിലായി. നേമം പോലീസ് ക്വാര്‍ട്ടേഴ്സ് റോഡിനു സമീപത്തെ വട്ടവിള സുരേഷ് റോഡാണ് റെയില്‍വേ ഏറ്റെടുത്ത് പൊളിച്ചതോടെ നൂറിലധികം വരുന്ന കുടുംബങ്ങള്‍ക്ക് വഴിയില്ലാതെയായത്.
റോഡ് പൊളിച്ച ശേഷം ബാക്കിയുള്ള വീതികുറഞ്ഞ മണ്‍പാതയിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. ഈ റോഡിന് വീതികുറവും സുരക്ഷയുമില്ലാത്തതിനാല്‍ യാത്ര ദുഷ്കരമാവുകയാണ്. നേരത്തെയുണ്ടായിരുന്ന റോഡ് നേമം പഞ്ചായത്തിന്റെ കാലത്ത് അറ്റകുറ്റ പണികള്‍ നടത്തിവന്നിരുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് പിന്നീട് കോര്‍പ്പറേഷന്റെ ഭാഗമാവുകയും പാത വികസനത്തിന്റെ ഭാഗമായി റെയില്‍വേ ഏറ്റെടുക്കുകയുമായിരുന്നു.
പകരം റോഡ് നല്‍കാമെന്ന വാഗ് ദാനം നല്കിയ അധികൃതര്‍ വാക്ക് പാലിച്ചില്ലെന്നും നാട്ടുകാർ ആക്ഷേപമുയർത്തുന്നു. ഈ ഭാഗത്ത് രണ്ടാം പാതയ്ക്കായി നല്ല താഴ്ചയില്‍ മണ്ണിടിച്ചു കുഴിച്ചിരിക്കുന്നതിനാല് ഈ വഴിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കൈവരിയില്ലാത്തത് അപകടഭീഷണിയാണ്. മഴയത്ത് ചെളിക്കുണ്ടാകുന്ന പാതയിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. റോഡിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിക്കും വി. ശിവന്‍കുട്ടിക്കും മേയര്‍ക്കും നിവേദനം നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
1970-ലാണ് നാട്ടുകാര്‍ സഞ്ചരിച്ചിരുന്ന പഴയ റോഡ് റെയില്‍വേ ഏറ്റെടുത്തതെങ്കിലും നാട്ടുകാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. പിന്നീട് 2021 ല്‍ പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് റോഡ് വീണ്ടും റെയില്‍വേ മുഴുവനായി ഏറ്റെടുത്ത് ഇടിക്കുകയായിരുന്നു. പകരം റോഡ് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലവിലെ റോഡ് സുരക്ഷയോടെ സഞ്ചാരയോഗ്യമാക്കുകയോ അല്ലെങ്കില്‍ പുതിയ റോഡ് എന്ന ആവശ്യത്തിലാണ് നാട്ടുകാര്‍ ഉറച്ചുനില്‍ക്കുന്നത്. സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ജില്ലാ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Railway Development Local News Nattuvishesham Thiruvananthapuram