കോട്ടയം സഹോദയ സയന്‍സ് എക്സ്പോ ഇന്‍സ്പെയര്‍-2025ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ ടീം.
കടുത്തുരുത്തി: കോട്ടയം സഹോദയ സയന്‍സ് എക്സ്പോ ഇന്‍സ്പെയര്‍-2025ല്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് തുടര്‍ച്ചയായ മിന്നും വിജയം. മൂന്നു ജില്ലകളിലെ വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ശാസ്ത്രപ്രദര്ശനത്തില് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ മേധാവിത്വം ഇത്തവണയും എസ്കെപിഎസ് നിലനിര്‍ത്തിയത്.
മത്സരയിനങ്ങളില്‍ എല്ലാത്തിലും സമ്മാനം നേടാന്‍ സ്കൂളിന് കഴിഞ്ഞു. എരുമേലി നിര്‍മല പബ്ലിക് സ്കൂളില്‍ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലാണ് ബെസ്റ്റ് സ്റ്റോള്‍, വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, സാലഡ് മേക്കിംഗ്, ചാര്‍ട്ട് മേക്കിംഗ്, ഫ്ളവര്‍ അറേഞ്ചുമെന്റ്, വെജിറ്റബിള്‍ കാര്‍വിംഗ്, റീസൈക്ലിംഗ്, കൊളാഷ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാമതെത്തി സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
കഴിഞ്ഞ പത്തു വര്‍ഷമായി എസ്കെപിഎസ് സ്കൂളിനാണ് കോട്ടയം സഹോദയ ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം. എഐ റോബോട്ടിക്സ്, മാലിന്യസംസ്കരണം, റീസൈക്ലിംഗ്, ശാസ്ത്ര പുരോഗതിക്കുള്ള നൂതന മാര്‍ഗങ്ങള്‍, വിവിധ ആര്‍ട്ട് മോഡലുകള്‍ തുടങ്ങിയ മാതൃകകളാണ് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്.
വിവിധ ഹൗസ് ക്യാപ്റ്റന്മാരുടെയും സയന്‍സ്, ആര്‍ട്ട് അധ്യാപകരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപ്രദര്ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വിജയികളെയും നേതൃത്വം നല്കിയ അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിന്‍സ് പുതുപ്പള്ളിമ്യാലില്‍, പ്രിന്‍സിപ്പള്‍ അജീഷ് കുഞ്ചിറക്കാട്ട്, പിടിഎ പ്രസിഡന്റ് കെന്നി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Tags : Kaduthuruthy Local News Nattuvishesham Kottayam