കൊല്ലം : തികച്ചും ഏകപക്ഷീയമായ രീതിയിൽ തപാൽ സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കുകയും നിരക്കുകൾ മൂന്നിരട്ടിയോളം വർധിപ്പിക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് കൊല്ലം ഡിവിഷണൽ സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലം കെ. ജി. ബോസ് സെന്ററിൽ നടന്ന എൻ എഫ് പി ഇ യുടെയും ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെയും സംയുക്ത ഡിവിഷണൽ സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. കേന്ദ്രസർക്കാർ ജനവാസ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ നടത്തുന്ന നീക്കത്തെ സംഘടന പൊതുജനങ്ങളെ ഉൾപ്പെടെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് എൻഎഫ് പിഇ സംസ്ഥാന കൺവീനർ എൻ. വിനോദ് കുമാർ പറഞ്ഞു.
കെ. ഗോപാലകൃഷ്ണൻ നായർ, എ.ബി. ലാൽകുമാർ ജെ. നൈസാം, ആർ. അരുൺകൃഷ്ണ, എസ്.സുജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തപാൽ സ്വകാര്യവൽക്കരണത്തിനെതിരേ സമ്മേളനം പ്രമേയം പാസാക്കി. പുതിയ ഭാരവാഹികളായി കെ.എസ്. മായ - പ്രസിഡന്റ്, പി. പ്രമോദ് -സെക്രട്ടറി, എ. അരുൺ കുമാർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Postal Local News Nattuvishesham Kollam