മാനന്തവാടി: സംസ്ഥാനത്തെ പട്ടികജാതി-വർഗക്കാർക്ക് സ്ഥിരമായ ഉപജീവനം, ഗുണമേൻമയുള്ള ജീവിതം, സമഗ്ര സാമൂഹികപുരോഗതി എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ കരട് നയരേഖ മന്ത്രി ഒ.ആർ. കേളു ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിഷൻ-2031 സംസ്ഥാനതല സെമിനാറിൽ അവതരിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, ഉപജീവനം തൊഴിലും നൈപുണ്യ വികസനവും, നിയമ പരിരക്ഷ, ഭരണനിർവഹണം തുടങ്ങി ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് നയരേഖ അവതരിപ്പിച്ചത്.
ഭൂമിയും വീടും ഉറപ്പുവരുത്തി അടിസ്ഥാന സൗകര്യം വികസനം പൂർത്തിയാക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് നയരേഖയിൽ പറയുന്നു. വിവിധ കർമപദ്ധതികളുടെ സംയോജനത്തിലൂടെ ഉന്നതികളുടെയും നഗറുകളുടെയും മുഖഛായമാറ്റും. പ്രത്യേക പദ്ധതികൾക്കൊപ്പം ഇന്റർനെറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കും. അതിദുർബല ജനവിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി തയാറാക്കും.
കുട്ടികളുടെ അവകാശമായ ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് പൂർണമായും ഇല്ലാതാക്കും. വിദ്യാഭ്യാസത്തിലൂടെ ലഭ്യമാവുന്ന സാമൂഹിക ഉന്നതിയെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവത്കരിക്കും. പരിഹാര ബോധന പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസനം, കരിയർ സാധ്യതാപരിശീലനം, ഫിനിഷിംഗ് സ്കൂളുകൾ, ഇൻസ്പയർ പ്രോഗ്രാമുകൾ, സാമൂഹിക പഠനമുറികൾ എന്നിവ മികവുറ്റതാക്കും.
ആധുനികവും ഗുണമേൻമയുള്ളതുമായ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയാണ് മറ്റൊരു ലക്ഷ്യം.
ഉന്നതികളിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനും വിവിധങ്ങളായ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ആരോഗ്യ പരിപാലനവും ഉറപ്പുവരുത്താനും പദ്ധതി നടപ്പാക്കും. അടിയന്തര ചികിത്സയും വിദഗ്ധ ചികിത്സയും ആവശ്യമുള്ള സന്ദർഭങ്ങളിൽ താമസമില്ലാതെ ലഭ്യമാക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ശക്തമാക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പരന്പരാഗത സംസ്കാരവും കലാവിഷ്കാരങ്ങളും സാഹിത്യം, ഭക്ഷ്യസംസ്കാരം എന്നിവയും സംരക്ഷിക്കും. സൂക്ഷ്മ ഗവേഷണത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. ഗോത്ര കലകളുടെയും അറിവുകളുടെയും പരിപോഷണത്തിനു നിയമനിർമാണം ഉൾപ്പെടെ നടത്തും.
പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വികസനത്തിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയായി കണ്ടെത്തിയിരിക്കുന്നത് ഉപജീവനവും തൊഴിലും നൈപുണി വികസനവുമാണ്. ഇതിനു പ്രത്യേക നയ രൂപീകരണം വിഷൻ-2031 കരട് രേഖ മുന്നോട്ടുവയ്ക്കുന്നു. സുസ്ഥിര ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സംരഭകത്വ വികസനത്തിനുള്ള സമഗ്രപദ്ധതികളാണ് ആവശ്യം. വിവിധ വകുപ്പുകളുടെ പദ്ധതികൾക്കു പുറമേ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സഹകരണ സംഘം, കുടുംബശ്രീ എന്നിവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തും. നൈപുണി വികസനത്തിനു പുത്തൻ സാധ്യതകൾ കണ്ടെത്തും.
പട്ടികജാതി- വർഗ വിഭാഗത്തിന് നിയമ സേവനങ്ങൾ ലഭ്യമാക്കാനും ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും വിശദമായ പദ്ധതികൾ കരട് രേഖയിലുണ്ട്. കരട് വികസന നയരേഖ മുൻനിർത്തി ആറ് പാനൽ ചർച്ച വിഷൻ-2031 സെമിനാറിൽ നടന്നു. ചർച്ചകളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ച് സെമിനാറിൽ അവതരിപ്പിച്ചു. വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും.
Tags : Vision-2031 Local News Nattuvishesham Wayanad