കോഴിക്കോട്: ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങിയതോടെ അവിടെ കച്ചവടം നടത്തിയിരുന്ന പഴകിയതും ദ്രവിച്ചു തുടങ്ങിയതുമായ ഉന്തുവണ്ടികള്‍ കോര്പറേഷന് പിടിച്ചെടുത്ത് കോന്നാട് ബീച്ചില്‍ തള്ളുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. 90 ഉന്തുവണ്ടികള്ക്കാണ് ബീച്ചില്‍ അനുമതിയുള്ളത്. അവയില്‍ പകുതിയില്‍ താഴെ മാത്രമെ രംഗത്തുള്ളൂ.
എന്നാല്‍, രജിസ്റ്റര്‍ ചെയ്ത ഉന്തുവണ്ടികളല്ലാത്തവ അനുവദിക്കില്ല എന്ന നിലപാടിലാണ് കോര്പറേഷന്. ഇതിന്റെ ഭാഗമായാണ് പഴയവണ്ടികള്‍ പിടിച്ചെടുത്ത് മാറ്റിയത്. ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം നടന്നതിന്റെ തലേദിവസം മുതല്‍ കോന്നാട് ബീച്ചില്‍ പഴയ ഉന്തുവണ്ടികള്‍ കൂട്ടത്തോടെ എത്തിച്ചിരുന്നു. ഇവിടെ കച്ചവടക്കാര്‍ തമ്പടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കോന്നാട് ബീച്ചിന്റെ സൗന്ദര്യം നശിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. തള്ളിയ ഉന്തുവണ്ടികള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എവിടെനിന്നോ വരുന്ന ആളുകളാണ് പുതിയ ലൈസന്‍സ് ഇല്ലാത്ത കട ഇവിടെ കൊണ്ടുപോയി ഇടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വണ്ടികള്‍ എത്രയും പെട്ടന്ന് ഇവിടെനിന്ന് എടുത്തു മാറ്റിയില്ലെങ്കില്‍ ഇതിനെതിരേ നാട്ടുകാര്‍ വന്‍പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി കാമ്പുറം സ്നേഹതീരം റസിഡന്‍സി സെക്രട്ടറി ഹര്ഷന് കാമ്പുറം, പ്രസിഡന്റ് യൂസഫ് എന്നിവര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ ഉന്തുവണ്ടികള്‍ക്ക് മറവില്‍ സാമൂഹ്യവിരുദ്ധര്‍ കോന്നാട് ബീച്ച് കൈയടക്കുമോ എന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നു. ഈ വിഷയത്തില്‍ പരിസരവാസികളുടെ പ്രതിഷേധം ശക്തമാണ്. നേരത്തെ കോന്നാട് ബീച്ചില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു.
വിവാഹചടങ്ങുകളുടെ ഭാഗമായുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇവിടെ തള്ളിയിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ കാരണം അതിന് ശമനം വന്നു. അപ്പോഴാണ് ഉന്തുവണ്ടികള്‍ ഒന്നിച്ച് തള്ളുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഫുഡ് സ്ട്രീറ്റ് പരിസരത്ത് പഴയ ഉന്തുവണ്ടികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് കോര്പറേഷന്. പഴയ ഉന്തുവണ്ടികള്‍ വയ്ക്കുന്നതിന് കോര്പറേഷന് തന്നെ സംവിധാനം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Kozhikode