എടക്കര: വഴിക്കടവ് ആനമറിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആനമറിയിലെ കൊളവണ്ണ കൃഷ്ണന്, തേങ്ങാപറമ്പില് രാജി എന്നിവരുടെ കമുക്, തെങ്ങ് തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്.
കര്‍ഷകര്‍ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച സോളാര്‍ സംവിധാനവും കാട്ടാന തകര്‍ത്തു. രാത്രി പന്ത്രണ്ട് മണിയോടെ കാടിറങ്ങിയെത്തിയ കാട്ടാന കൃഷി നശിപ്പിച്ചശേഷം ജനവാസകേന്ദ്രത്തിലെത്തി ഭീതിപരത്തിയാണ് മടങ്ങിയത്. ശനിയാഴ്ച രാത്രി മാത്രം പത്തോളം തെങ്ങുകളും കമുകുകളും നശിപ്പിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും ബഹളം വെച്ചും നാട്ടുകാര്‍ നടത്തിയ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആന തിരിച്ചുപോയത്.
ഇവരുടെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ കായ്ഫലമുണ്ടായിരുന്ന നിരവധി തെങ്ങുകളാണ് ഇതിനോടകം ആന നശിപ്പിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. കുട്ടികള്‍, ടാപ്പിംഗ് തെഴിലാളികള്‍, പള്ളികളില്‍ നമസ്ക്കാരത്തിന് പോകുന്നവര്‍ എന്നിവര്‍ക്ക് കാട്ടാനകള്‍ ഭീഷണിയാണിയായി മാറിയിരിക്കുകയാണ്. കാട്ടാനശല്യം ചെറുക്കാന്‍ നെല്ലിക്കുത്ത് വനമേഖലയില്‍ മൂന്ന് കിലോമീറ്റര്‍ ഭാഗത്ത് തൂക്ക് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതല്‍ ആനമറി വനം സ്റ്റേഷന് വരെയുള്ള ഇരുനൂറ് മീറ്റര്‍ ഭാഗത്തേക്ക് തൂക്ക് ഫെന്‍സിങ് ഇല്ലാത്തതാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നിത്യവും ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും വനം അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകര്‍ പറയുന്നു.
Tags : Local News Nattuvishesham Malappuram