രാസലഹരിക്കതിരേ പാട്ടുരാവുമായി എന്‍എസ്എസിന്റെ നോവ
1549092
Friday, May 9, 2025 1:40 AM IST
ഇരിങ്ങാലക്കുട: രാസലഹരിക്കെതിരെ ബോധവത്്കരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ വിദ്യാര്‍ഥി സംഘടനയായ നോവ കോളജില്‍ പുതിയതായി പണികഴിപ്പിച്ച ആംഫി തിയറ്ററില്‍ സംഘടിപ്പിച്ച പാട്ടുരാവ് ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് "ഈശ്വരനെത്തേടി ഞാനലഞ്ഞു' എന്ന ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ "പരിശുദ്ധാത്മാവേ' എന്ന ഗാനവും പ്രയോര്‍ ഫാ. ജോണ്‍ പാലിയേക്കര "അല്ലിയാമ്പല്‍ക്കടവില്‍'എന്ന ഗാനവും ആലപിച്ച് പാട്ടുരാവിന് മിഴിവേകി. പാട്ടുരാവില്‍ ഇരുപതോളം എന്‍എസ്എസ് പൂര്‍വവിദ്യാര്‍ഥി വോളന്റിയര്‍മാരായ ഗായകര്‍ ഗസലുകളും മെലഡികളും ആലപിച്ചു.
നോവ ഭാരവാഹിയായ അഭി തുമ്പൂര്‍ രചിച്ച "പണ്ടത്തെ നാരങ്ങാ മിഠായി നുണയുമ്പോള്‍' എന്ന കവിതാ സമാഹാരം മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലും നോവ രക്ഷാധികാരി പ്രഫ. കെ.ജെ. ജോസഫും ചേര്‍ന്ന് പ്രകാശനം ചെയ്തു. വോയ്സ് ഓഫ് ദ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ നോവ രക്ഷാധികാരി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് നേടിയ വിജീഷ് ലാല്‍ എന്നിവരെ ആദരിച്ചു.
നോവ ചെയര്‍പേഴ്സണ്‍ എ.വി. പ്രിയദര്‍ശിനി, പ്രഫ. വി.പി. ആന്റോ, ലാലു അയ്യപ്പന്‍കാവ്, പി.എഫ്. വിന്‍സെന്റ്, സിന്റോ കോങ്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.