റോഡരികില്‍ അപകടം പതിയിരിക്കുന്നു, സുരക്ഷാഭിത്തി നിര്‍മിക്കണമെന്ന് ആവശ്യം
1549088
Friday, May 9, 2025 1:40 AM IST
ഇഞ്ചക്കുണ്ട്: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇഞ്ചക്കുണ്ട്-കാല്ക്കുഴി റോഡരുകില്‍ അപകടം പതിയിരിക്കുന്നു. 150 അടിയിലേറെ താഴ്ചയുള്ള പഴയ കരിങ്കല്ക്വാറിയാണ് ഇവിടെ റോഡരുകില്‍ വാപിളര്‍ന്നു നില്‍ക്കുന്നത്. റോഡിനേയും ക്വാറിയേയും വേര്‍തിരിക്കുന്ന ഭാഗത്ത് കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത കുറയ്ക്കാന്‍ ഇതു പര്യാപ്തമല്ലെന്നു നാട്ടുകാര്‍ പറയുന്നു.
റോഡില്‍ കുത്തനെ ഇറക്കമുള്ള ഈ ഭാഗത്ത് ഏതെങ്കിലും വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ ആഴമേറിയ ക്വാറിയില്‍ ചെന്നുവീണ് ആളപായമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇഞ്ചക്കുണ്ടിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ സൈക്കിളില്‍ പോകുന്നത് ഇതുവഴിയാണ്. കൂടാതെ ചൊക്കന, പാലപ്പിള്ളി, കുണ്ടായി, മൈസൂര്‍ ഘബര്‍ എസ്റ്റേറ്റുകളിലേക്കുള്ള തോട്ടം തൊഴിലാളികളും പുലര്‍ച്ചെ ഇരുചക്രവാഹനങ്ങളില്‍ ജോലിക്കു പോകുന്നതും ഇതുവഴിയാണ്.
അപകട സാധ്യത കണക്കിലെടുത്ത് ക്വാറിയോടു ചേര്‍ന്നുള്ള റോഡരികില്‍ ഉറപ്പേറിയ റെയില്ഗാര്ഡുകള് ഉപയോഗിച്ചുള്ള സുരക്ഷഭിത്തി നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
അതുവരെ മുന്നറിയിപ്പ് ബോര്‍ഡും രാത്രിയില്‍ കൂടുതല്‍ വെളിച്ചം കിട്ടുന്ന തരത്തിലുള്ള വഴിവിളക്കും സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകന് കെ.ജി. രവീന്ദ്രനാഥ് അധികൃതര്‍ക്കു നിവേദനം നല്കി.