പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു
1549076
Friday, May 9, 2025 1:40 AM IST
പാലപ്പിള്ളി: കുണ്ടായിയില്‍ പുലിയിറങ്ങി തൊഴുത്തില്‍ കെട്ടിയിട്ട മൂരിക്കുട്ടിയെ കൊന്നു. കുണ്ടായി ചക്കിപ്പറമ്പ് ഉന്നതിക്കു സമീപത്തെ പാഡിയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളിയായ വട്ടത്തൊടി വീട്ടില്‍ ഖദീയുടെ മൂരിക്കുട്ടിയാണ് ചത്തത്.
ഇന്നലെ പുലര്‍ച്ചെയാണ് ജനവാസ മേഖലയില്‍ പുലിയിറങ്ങിയത്. പാഡിയോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പുലിയിറങ്ങിയത്. ഇന്നലെ പുലര്‍ച്ചെ പശുവിനെ കറക്കാന്‍ എത്തിയ വീട്ടുകാരാണ് മൂരിക്കുട്ടിയെ ചത്തനിലയില്‍ കണ്ടത്. ഒരു മാസം പ്രായമായ മൂരിക്കുട്ടിയുടെ ശരീരഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ കണ്ടിരുന്നു. റോഡ് മുറിച്ചുകടന്ന് തോട്ടത്തിലേക്കാണ് പുലി പോയതെന്ന് പറയുന്നു.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസം മുന്‍പ് കുണ്ടായി പ്രദേശത്തിറങ്ങിയ പുലി പശുക്കളെ ആക്രമിച്ചിരുന്നു.
പുലി ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ പരാതിയില്‍ പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് ട്രാപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നില്ല.
തോട്ടം മേഖലയില്‍ വീണ്ടും പുലിയിറങ്ങിയതോടെ പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.