ഭരണാധികാരികളുടെ അവഗണനയുടെ ഇരയായി മഹാത്മാ പാര്‍ക്ക്
1548519
Wednesday, May 7, 2025 1:19 AM IST
ഇരിങ്ങാലക്കുട: ഭരണാധികാരികളുടെ അവഗണനയുടെ ഇരയായി നഗരഹൃദയത്തിലുള്ള കളിയിടം.
രാഷ്ട്രപിതാവിന്റെപേരില് വാര്‍ഡ് 25 കൂടല്‍മാണിക്യം വാര്‍ഡിലുള്ള മഹാത്മാ പാര്‍ക്കാണ് മാസങ്ങളായി പുല്ലും മണ്ണും നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്നത്. തൊണ്ണൂറുകളില്‍ ഓള് കേരള ബോള്‍ ബാഡ്മിണന് ടൂര്ണമെന്റ്നടന്ന വേദി കൂടിയാണിത്. 2006 മുതല്‍ 2017 വരെ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, യംഗ്സ്റ്റേഴ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സമ്മര്‍ കോച്ചിംഗ്ക്യാമ്പും ഇവിടെ നടന്നു.
ഒഴിവുദിനങ്ങളിലും അവധിക്കാലത്തും ക്രിക്കറ്റ് ഉള്‍പ്പടെയുള്ള കളികള്‍ക്കായി കുട്ടികള്‍ ധാരാളമായി മഹാത്മാ പാര്‍ക്കില്‍ എത്തിയിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അടുത്തായുള്ള പാര്‍ക്ക് വയോജനങ്ങള്‍ പ്രഭാതനടത്തത്തിനായും ഉപയോഗപ്പെടുത്തിയിരുന്നു.
കൂടല്‍മാണിക്യ ഉത്സവക്കാലത്ത് കാട്ടൂര്‍, കാറളം തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള ഭക്തജനങ്ങള്‍ സ്വകാര്യ വണ്ടികള്‍ പാര്‍ക്ക് ചെയ്യാനും പാര്‍ക്ക് ഉപയോഗപ്പെടുത്തി. പട്ടണത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ടാര്‍ മിക്സ് ചെയ്യാനും മണ്ണ് നിക്ഷേപിക്കാനുള്ള കേന്ദ്രമായി അടുത്തവര്ഷങ്ങളായി മഹാത്മാ പാര്‍ക്ക് മാറുകയായിരുന്നു. കൂടല്‍മാണിക്യ ഉത്സവത്തിന് പാര്‍ക്ക് വൃത്തിയാക്കാനും പുല്ല് വെട്ടാനുമുള്ള ഒരു ശ്രമങ്ങളും നഗരസഭ അധികൃതര്‍ നടത്തിയില്ല. ഇതില്‍ ഏറെ വിമര്‍ശനങ്ങളുയര്‍ന്നു.
എന്നാല്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപയുടെ പാര്‍ക്ക് നവീകരണപദ്ധതിക്ക് ഭരണാനുമതി കിട്ടിയെന്നും ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ നല്കുന്ന വിശദീകരണം.
ഗാലറി, നടപ്പാത, കുട്ടികള്‍ക്കായി ഊഞ്ഞാല് അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം പദ്ധതികളുടെ പേരുംപറഞ്ഞ് എറെ ചരിത്രമുള്ള ഒരു കളിയിടത്തെ അവഗണിക്കുന്ന നിലപാടില്‍ പ്രതിഷേധം ഉയരുന്നുണ്ട്.