പേവിഷബാധ പരിശോധിക്കാതെ അധികൃതർ; ആശങ്ക
1549080
Friday, May 9, 2025 1:40 AM IST
ചേർപ്പ്: പെരുന്പിള്ളിശേരി ജനമൈത്രി നഗറിൽ കഴിഞ്ഞ തിങ്കളാഴ്ച്ച പതിനാലുകാരിയെ ആക്രമിച്ച കുറുനരിയെ തല്ലിക്കൊന്നെങ്കിലും പേവിഷബാധ പരിശോധിക്കാതെ അധികൃതർ മൗനം പാലിക്കുന്നു. സമീപത്തെ രണ്ടു വളർത്തുനായകളെയും പശുവിനെയും കുറുനരി ആക്രമിച്ചിരുന്നു. തുടർന്നാണു കുറുനരിയെ ജനം തല്ലിക്കൊന്നത്.
ചേർപ്പ് പഞ്ചായത്തിലെ അഞ്ചാംവാർഡ് ജനമൈത്രിനഗറിലെ താമസക്കാരായ കാട്ടുക്കാരൻ വീട്ടിൽ ഷാജു-സൗമ്യ ദന്പതികളുടെ മകൾ സിയമോളെയും അവരുടെ നായയെയുമാണു കുറുനരി ആദ്യം ആക്രമിച്ചത്. സംഭവം പഞ്ചായത്ത് അധികൃതരെയും ചേർപ്പ് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെയും അറിയിച്ചിരുന്നെങ്കിലും പേവിഷബാധ പരിശോധന നടത്തിയിരുന്നില്ല. കടിയേറ്റ നായകൾക്കും പശുവിനുമൊന്നും വാക്സിനോ മറ്റോ നൽകാൻ അധികൃതർ തയാറായിട്ടില്ല.
ഈ സംഭവം നടന്ന അന്നുതന്നെയാണ് ചേർപ്പിൽ ഒൻപതുപേരെ നായക്കുട്ടി കടിച്ചത്. നായയെ പിടികൂടിയെങ്കിലും പിറ്റേന്നു പേവിഷബാധ മൂലം ചത്തു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ മൂന്നു കുട്ടികൾ വാക്സിനെടുത്തതിനുശേഷവും മരിച്ച സാഹചര്യം നിലനിൽക്കുന്പോഴാണ് അധികൃതരുടെ അപകടകരമായ ഈ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു.