ഡീക്കൻ ജോനസ് പള്ളിപ്പുറത്തിന്റെ പൗരോഹിത്യസ്വീകരണം ഇന്ന്
1548776
Thursday, May 8, 2025 2:01 AM IST
കുരിയച്ചിറ: ബിടെക്കുകാരനായ ഡീക്കൻ ജോനസ് പള്ളിപ്പുറത്തിന്റെ പൗരോഹിത്യസ്വീകരണം ഇന്നു കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. രാവിലെ ഒന്പതിനു സാഗർ രൂപത ബിഷപ് മാർ ജെയിംസ് അത്തിക്കളത്തിന്റെ കൈവയ്പുവഴിയാണു വൈദികപട്ടം സ്വീകരിക്കുക. കുരിയച്ചിറ പള്ളിപ്പുറം പി.സി. ഡേവിസിന്റെയും ജൂലിയുടെയും മകനാണ് ജോനസ്.
ബിടെക് ബിരുദം നേടിയശേഷം എൻജിനീയറായും അഞ്ചുവർഷക്കാലം ലക്ചററായും ജോലിചെയ്തശേഷമാണ് ഒരു മിഷനറി വൈദികനാകുകയാണ് തന്റെ ദൈവവിളിയെന്നു തിരിച്ചറിഞ്ഞ് 27-ാം വയസിൽ 2017 ജൂൺ 13ന് സാഗർ രൂപതയ്ക്കായി സെമിനാരിയിൽ ചേർന്നത്. നാലുമാസത്തെ പഠനശേഷം അന്നത്തെ സാഗർ ബിഷപ് മാർ ആന്റണി ചിറയത്ത് തന്റെ വിവേചനാധികാരം ഉപയോഗിച്ച് നാലാംവർഷത്തിലേക്കു പ്രമോട്ട് ചെയ്യുകയായിരുന്നു. പിന്നീട് തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കിയ ജോനസ് ഇക്കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ മാർച്ച് 30 വരെ ഒല്ലൂർ സെന്റ് ആന്റണീസ് പള്ളിയിൽ ഡീക്കൻ മിനിസ്ട്രിയും പൂർത്തിയാക്കി.
ഇന്നു വൈകീട്ട് 5.30 നു നവവൈദികനു സ്വീകരണവും ഇടവകദിനാഘോഷവും നടക്കുമെന്നു കുരിയച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട് അറിയിച്ചു. ഇടവകദിനാഘോഷം രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.