എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍നിന്ന് സിപിഐ വിട്ടുനിന്നു
1548238
Tuesday, May 6, 2025 1:45 AM IST
പുതുക്കാട്: വരന്തരപ്പിള്ളിയില്‍ ഇടതുമുന്നണിയില്‍ ആഭ്യന്തര കലാപം. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍നിന്ന് സിപിഐ വിട്ടുനിന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ ധാരണപ്രകാരമുള്ള ഉറപ്പ് സിപിഎം പാലിച്ചില്ലെന്നാണു സിപിഐയുടെ ആരോപണം.
നേരത്തേയുള്ള ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കും സ്റ്റാൻഡിംഗ് കമ്മിറ്റി കേരള കോണ്‍ഗ്രസിനുമായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം സിപിഐക്ക് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളും സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ സിപിഎമ്മിലെ അജിതാ സുധാകരന് മാറി, സിപിഐയിലെ കലാപ്രിയ സുരേഷ് പ്രസിഡന്റും സിപിഐയിലെ എം.ബി.
ജലാലിനു പകരം സിപിഎമ്മിലെ ടി.ജി. അശോകന് വൈസ് പ്രസിഡന്റുമായിട്ടും കേരള കോണ്‍ഗ്രസിലെ റോസിലി തോമസ് സ്ഥാനമൊഴിയാന്‍ തയാറായിട്ടില്ല. ഇതിന് സിപിഎമ്മിന്റെ മൗനാനുവാദമുണ്ടെന്നാണ് സിപിഐയുടെ ആരോപണം.
നേരത്തേ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം ലഭിക്കേണ്ടതു സംബന്ധിച്ച് സിപിഐ നേതൃത്വം വരന്തരപ്പിള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതോടെ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കണ്വന്ഷന് ബഹിഷ്കരണം.
കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന എല്‍ഡിഎഫ് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍ഡിഎഫ് കണ്‍വന്‍ഷന്റെ ആലോചനായോഗത്തിലും സിപിഐ പങ്കെടുത്തിട്ടില്ല. നേരത്തേ മുന്നണി മര്യാദയുടെ പേരില്‍ സിപിഐ മത്സരിച്ചിരുന്ന ഇഞ്ചക്കുണ്ട് വാര്‍ഡ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതാണെന്നും തെരഞ്ഞെടുപ്പ് ധാരണകള്‍ പാലിക്കാത്തപക്ഷം ബഹിഷ്കരണം തുടരുമെന്നുമാണ് സിപിഐ വരന്തരപ്പിള്ളി ലോക്കല്‍ കമ്മിറ്റിയുടെ നിലപാട്.
എന്നാല്‍, വരന്തരപ്പിള്ളി പഞ്ചായത്തിലെ സിപിഐ പാലപ്പിള്ളി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ എല്‍ഡിഎഫ് കണ്വന്ഷന് ബഹിഷ്കരിച്ച് സിപിഐ സമാന്തരമായി കണ്വന്ഷന് നടത്തിയതായും സിപിഐക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കെ.ജെ. ഡിക്സന് അറിയിച്ചു.