ത്രസിപ്പിച്ച് വെടിക്കെട്ട്; മനംനിറഞ്ഞ് പൂരപ്രേമികൾ
1548772
Thursday, May 8, 2025 2:01 AM IST
തൃശൂർ: പൂരനഗരിയിൽ പുലർച്ചെ നാലുവരെയുള്ള കാത്തിരിപ്പ് വെറുതെയായില്ല. തിരുവന്പാടിക്കാരുടെ ആദ്യവെടിക്കെട്ടിനു തിരികൊളുത്തിയതു നാലുമണി കഴിഞ്ഞ്. ജനസാഗരത്തെ ത്രസിപ്പിച്ച വെടിക്കെട്ട് വാനിൽ വിസ്മയം രചിച്ചപ്പോൾ വെടിക്കെട്ടുപ്രേമികളുടെ ഉള്ളുനിറഞ്ഞു. അഞ്ചരയോടെ പാറമേക്കാവും ആവേശക്കെട്ടിനു തിരികൊളുത്തിയതോടെ ആവേശം ഇരട്ടിയായി.
പൂരങ്ങളുടെ പൂരമായ തൃശൂർപൂരത്തിന്റെ പ്രസിദ്ധമായ വെടിക്കെട്ടാണു പുലർച്ചെ നയനസുന്ദരകാഴ്ചകൾ സമ്മാനിച്ചു പെയ്തിറങ്ങിയത്.
നേരത്തേ നിശ്ചയിച്ച സമയത്തെക്കാൾ അല്പം വൈകിയാണ് വെടിക്കെട്ട് തുടങ്ങിയത്. ഉച്ചയ്ക്കു നിശ്ചയിച്ചിരുന്ന പകൽവെടിക്കെട്ടും വൈകിയാണു നടന്നത്. ഉപചാരംചൊല്ലൽ കഴിഞ്ഞ് ഉച്ചകഴിഞ്ഞു 2.20നായിരുന്നു തിരുവന്പാടിയുടെ വെടിക്കെട്ട്. പിന്നീട് മൂന്നിനു പാറമേക്കാവും വെടിക്കെട്ട് നടത്തി. പുലർച്ചെ വെടിക്കെട്ട് വർണശബളമായിരുന്നെങ്കിൽ നഗരത്തെ പ്രകന്പനം കൊള്ളിച്ച കരിമരുന്നുപ്രയോഗമായിരുന്നു ഉച്ചയ്ക്കു നടന്നത്.
തിരുവന്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് പി.എം. സതീഷും പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബുമാണു വെടിക്കെട്ട് ഒരുക്കിയത്.