ആവേശംനിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി
1549073
Friday, May 9, 2025 1:40 AM IST
ഇരിങ്ങാലക്കുട: സംഗമേശനഗരിയെ ഉത്സവാവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറി. വൈഷ്ണവ മന്ത്രധ്വനികളാല് ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില് മന്ത്രങ്ങള്‍ ആവാഹിച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാരായണൻ നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്. കൊടിയേറ്റത്തിനു മുന്നോടിയായുള്ള ആചാര്യവരണം ചടങ്ങ് കുളമണ്‍ ഇല്ലത്തെ രാമചന്ദ്രന് മൂസ് നിര്‍വഹിച്ചു. പഞ്ചാരിമേളത്തിന്റേയും ആനകളുടേയും കലകളുടേയും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് ഇതോടെ തുടക്കമായി.
കിഴക്കേനടയില്‍ വലിയ ബലിക്കല്ലിനോട് ചേര്‍ന്നുള്ള കൊടിമരത്തില്‍ കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്റെ നാദം ഉയര്‍ന്നു. അമ്മന്നൂര്‍ കുടുംബത്തില്‍നിന്നുള്ള അംഗം സൂത്രധാര കൂത്ത് നടത്തി. വില്വവട്ടത്ത് നങ്ങ്യാര്‍ മഠം കുടുംബാംഗം നങ്ങ്യാര്‍കൂത്ത് നടത്തി. തുടര്‍ന്ന് കൊരമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേളയും അരങ്ങേറി.
ശ്രീകോവിലില്‍ നിന്ന് ഭഗവാന് ആദ്യമായി പുറത്തേയ്ക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് ആഘോഷിക്കും. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും. ഈ സമയത്ത് ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിക്കും. തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് ആനയുടെ പുറത്തേറ്റി എഴുന്നള്ളിക്കും.
കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും വിളക്കിനും ശീേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന 17 ഗജവീരന്മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.