അലയടിച്ച് ഘടകപൂരങ്ങൾ
1548515
Wednesday, May 7, 2025 1:19 AM IST
കെ.കെ. അർജുനൻ
തൃശൂർ: അലയടിച്ച പൂരക്കടലിൽ ആവേശത്തിരകളുയർത്തി തട്ടകങ്ങളിൽനിന്നുള്ള എട്ടു പൂരങ്ങളും. ചെറുപൂരങ്ങളെന്നു വിളിക്കുമെങ്കിലും, ഒട്ടും ചെറുതല്ലാത്ത ഘടകപൂരങ്ങൾ തേക്കിൻകാട് മൈതാനിയിൽ നിറഞ്ഞലിഞ്ഞു. പലവഴികളിലൂടെ വടക്കുന്നാഥനെ വണങ്ങാനെത്തിയ ദേവീദേവൻമാർക്കൊപ്പം ജനസാഗരംതന്നെയാണ് തേക്കിൻകാട് മൈതാനിയിലെത്തിയത്.
പതിവുപോലെ വെയിൽ തിളങ്ങുംമുന്പേ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി മടങ്ങി കണിമംഗലം ശാസ്താവ്. നെയ്തലക്കാവ് ഭഗവതി പൂരവിളംബരം നടത്തി തുറന്നിട്ട തെക്കേഗോപുരനടവഴി കടന്നു പടിഞ്ഞാറേനടവഴി പുറത്തിറങ്ങി തട്ടകത്തിലേക്കു മടങ്ങി. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ക്ഷേത്രം, ചെന്പൂക്കാവ് കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ക്ഷേത്രം, നെയ്തലക്കാവ് ക്ഷേത്രം, കാരമുക്ക് എന്നിവിടങ്ങളിൽനിന്നുള്ള ചെറുപൂരങ്ങളും വടക്കുന്നാഥനെ വണങ്ങി തിരിച്ചുപോയി.
മൂന്നാനമുതൽ 14 ആനകളുള്ള പൂരങ്ങളും ഘടകക്ഷേത്രങ്ങളുടേതായി എത്തി. അവരാണു പൂരപ്പറന്പിനെ ഉണർത്തിയത്. ഉച്ചയോടെ പകൽപ്പൂരങ്ങൾക്കു സമാപനമായി. കണിമംഗലം, കാരമുക്ക്, ലാലൂർ, നെയ്തലക്കാവ് പൂരങ്ങളിൽ ഒന്പത് ആനകൾ വീതവും പനമുക്കുംപിള്ളി, ചെന്പുക്കാവ് പൂരങ്ങളിൽ ക്കു മൂന്നാനകളുമുണ്ടായി. 14 ആനകളുമായി ചൂരക്കോട്ടുകാവും 13 ആനകളുമായി അയ്യന്തോൾ കാർത്യായനി ഭഗവതിയും പൂരംകൊണ്ടു. ചൂരക്കോട്ടുകാവിനും നെയ്തലക്കാവിനും നാദസ്വരവും പാണ്ടിമേളവും അകന്പടിയായപ്പോൾ മറ്റുള്ളവർക്കെല്ലാം പഞ്ചവാദ്യവും പാണ്ടിമേളവുമാണ് അകന്പടിയായത്.