തെക്കോട്ടിറക്കത്തിന്റെ സാമ്പിളായി രാമന്റെ തെക്കോട്ടിറക്കം
1548516
Wednesday, May 7, 2025 1:19 AM IST
തൃശൂർ: അതൊരു വരവായിരുന്നു... തുറന്നുകിടന്ന തെക്കേഗോപുരനട കടന്ന് രാമന്റെ വരവ്. ചെന്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥന്റെ തെക്കേഗോപുരനട കടന്ന് പുറത്തിറങ്ങിയപ്പോൾ താഴെ പൂഴിവീണാൽ വീഴാത്ത പുരുഷാരം നിറഞ്ഞിരുന്നു.
ജനസഞ്ചയത്തെ കണ്ട രാമന് തുമ്പിക്കൈ ഉയർത്തി അവരെ അഭിവാദ്യം ചെയ്യാതിരിക്കാനായില്ല. മുൻപ് തെക്കേഗോപുരനട തുറന്ന് പൂരം വിളംബരം നടത്തിയശേഷം എങ്ങനെയാണോ അവൻ ജനക്കൂട്ടത്തെ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തിരുന്നത് അതുപോലെ, ചെമ്പുക്കാവ് ഭഗവതിയെ ശിരസിലേറ്റി അവൻ തുമ്പിക്കൈ ഉയർത്തിയപ്പോൾ ആൾക്കൂട്ടം കൈയടിച്ച് ആർപ്പുവിളിച്ചു... രാമൻ രാമൻ...
അതുകേട്ട് വീണ്ടും വീണ്ടും അവൻ തുമ്പിക്കൈയുയർത്തി പൂരപ്രേമികളെ ആവേശക്കൊടുമുടിയിലേക്ക് ഉയർത്തി. അപ്പോഴേക്കും രാമനും പറ്റാനകൾക്കുംചുറ്റും പ്രളയംപോലെ ജനം വന്നുനിറഞ്ഞിരുന്നു. തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിലും കാണുന്ന തിക്കും തിരക്കുമാണ് രാമൻ ചെമ്പുക്കാവ് ഭഗവതിയെയുംകൊണ്ട് തെക്കേനട ഇറങ്ങുന്ന സമയത്തുണ്ടായത്.
ഇത്തവണ പൂരത്തിനു രാമനുണ്ടാകില്ലെന്ന പ്രചാരണങ്ങളിൽ രാമന്റെ ആരാധകർ മനംനൊന്തിരിക്കുമ്പോഴാണ് ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ രാമനെത്തുന്നുവെന്നു പൂരനഗരിയറിഞ്ഞത്. അതോടെ പൂരാവേശം ഇരട്ടിയായി.
ഇന്നലെ രാവിലെ ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പ് ശിരസിലേക്കുകയറ്റാനായി നടമടക്കി കുനിഞ്ഞ ശേഷം രാമൻ എഴുന്നേറ്റ് ശിരസുയർത്തിയപ്പോൾ ആ തലയെടുപ്പിനു ഗാംഭീര്യമേറെയായിരുന്നു. ചെമ്പുക്കാവിനുവേണ്ടി ഇതാദ്യമായിട്ടാണ് രാമൻ തിടമ്പേറ്റാൻ എത്തിയത്. പുഷ്പവൃഷ്ടിയോടെയാണ് രാമന്റെ ശിരസിലേറി പൂരത്തിനു പുറപ്പെട്ട ചെമ്പുക്കാവ് കാർത്യായിനിദേവിയെ തട്ടകക്കാർ യാത്രയാക്കിയത്. രാമന്റെ ആരാധകർ ജില്ലയ്ക്കു പുറത്തുനിന്നുവരെ ചെമ്പുക്കാവിന്റെ പൂരത്തിനെത്തിയിരുന്നു.