ഓട്ടുപാറയിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
1548239
Tuesday, May 6, 2025 1:45 AM IST
വടക്കാഞ്ചേരി: ഓട്ടുപാറയിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം. തുണിക്കടയിൽ നിന്നു തുണികൾ മോഷ്ടിച്ചു. സിസിടിവി കാമറകൾ കറുത്തതുണി ഉപയോഗിച്ചു മറച്ചിരുന്നു.
സമീപത്തെ ജ്വല്ലറികളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. ഞായറാഴ്ച അർധരാത്രിയിലാണു മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയും ഇടിമിന്നലും മോഷ്ടാക്കൾക്ക് അനുകൂലമായി. കടതുറക്കാൻ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സ്ഥാപനങ്ങളുടെ പിറകുവശത്തെ ഭിത്തി പൊളിച്ചാണു മോഷ്ടാക്കൾ അകത്തുകയറിയത്. ടോപ്പ് ഇൻ ടൗണ്‍ എന്ന സ്ഥാപനത്തിൽനിന്നാണ് തുണികൾ മോഷ്ടിച്ചിരിക്കുന്നത്.
സമീപത്തെ മറ്റു കടകളിലേക്കും കടക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിട്ടുണ്ട്.
വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.