ആമ്പല്ലൂരില്‍ സര്‍വീസ് റോഡ് ടാറിട്ടു; ദേശീയപാതയില്‍ തിരക്കൊഴിഞ്ഞു
1548778
Thursday, May 8, 2025 2:01 AM IST
ആമ്പല്ലൂര്‍: ദേശീയപാതയുടെ സര്‍വീസ് റോഡ് ടാറിട്ടു, ആമ്പല്ലൂരിലെ ഗതാഗത തിരക്കൊഴിഞ്ഞു. അടിപ്പാതയുടെ പണിനടക്കുന്ന ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന്റെ വശത്തായി തൃശൂരിലേക്കുപോകുന്ന ഭാഗത്താണ് ടാറിട്ട് വാഹനഗതാഗതം സുഗമമാക്കിയത്.
ദേശീയപാതയിലെ തിരക്കു പരിഹരിക്കാത്തപക്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രിമാരായ കെ. രാജന്, ആര്. ബിന്ദു എന്നിവര്‍ തൃശൂര്‍ പൂരത്തിന്റെ തലേന്ന് അറിയിച്ചിരുന്നു.
എന്നാല്‍ പണിനിര്ത്താതെ ത്തന്നെ ദേശീയപാത അധികൃതര്‍ തിരക്കുനിയന്ത്രണ വിധേയമാക്കി. ആമ്പല്ലൂരില്‍ ഗതാഗതക്കുരുക്ക് അഴിഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസ, പുതുക്കാട് സിഗ്നല്‍ ജംഗ്ഷന് എന്നിവിടങ്ങളിലും വാഹനത്തിരക്ക് അനുഭവപ്പെട്ടില്ല.
ചൊവ്വയും ബുധനും പൂരദിവസമായിട്ടുപോലും ടോള്‍പ്ലാസയില്‍ സ്വാഭാവിക തിരക്കുമാത്രമാണ് ഉണ്ടായിരുന്നത്. രാവിലെയും വൈകീട്ടും പൂരത്തിനുപോകുന്നവരുടെ നേരിയതിരക്ക് അനുഭവപ്പെട്ടു.
എന്നാല്‍ ദിവസങ്ങളായി അനുഭവിച്ചിരുന്ന ഗതാഗതത്തിരക്കുമായി തട്ടിച്ചുനോക്കിയാല്‍ തിരക്ക് വളരെ കുറവായിരുന്നു.