മങ്കര ചേപ്പലക്കോട് അട്ടിപറമ്പ് ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
1548531
Wednesday, May 7, 2025 1:19 AM IST
വടക്കാഞ്ചേരി: നഗരസഭയിലെ 17ാം ഡിവിഷൻ മങ്കര ചേപ്പലക്കോട് അട്ടിപറമ്പ് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു.
ഇന്നലെ അർധരാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ കാർഷിക വിളകളും നശിപ്പിച്ചു. പ്രദേശത്ത് ഇതു രണ്ടാംതവണയാണ് കാട്ടാനകൾ ഇറങ്ങുന്നത്.
വിവരമറിയിച്ചതിനെത്തുടർന്ന് വാഴാനി ഫോറസ്റ്റ് ഓഫീസിൽനിന്നും വനപാലകരും വാച്ചർമാരും എത്തി നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ പാടുപെട്ടാണ് ആനകളെ ഉൾവനത്തിലേക്ക് കയറ്റിവിട്ടത്.
പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ആനകളെതുരത്തിയത്. പ്രദേശത്ത് സൗരോർജവേലി സ്ഥാപിച്ച് ജനങ്ങളെയും കാർഷിക വിളകളെയും സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ സ്ഥലത്തെത്തിയിരുന്നു.