പറക്കോട്ടുകാവ് താലപ്പൊലി 11ന്; നാളെ ചമയപ്രദർശനം
1549084
Friday, May 9, 2025 1:40 AM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിനു തട്ടകദേശങ്ങൾ ഒരുങ്ങി. മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ പറക്കോട്ടുകാവ് താലപ്പൊലി മേടത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ 11നാണ്. നാളെ ചമയപ്രദർശനം.
മൂന്നുദേശങ്ങളുടെയും കാഴ്ചപ്പന്തലുകളുടെ പണി പൂർത്തിയാകുന്നു. പടിഞ്ഞാറ്റുമുറി, കിഴക്കുമുറി ദേശങ്ങൾ തിരുവില്വാമല ടൗണിലും പാന്പാടി ദേശം പാന്പാടി സെന്ററിലുമാണു പന്തൽ ഒരുക്കുന്നത്. പടിഞ്ഞാറ്റുമുറി ദേശം കൊച്ചു പറക്കോട്ടുകാവ് ഭഗവതി ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ ഒന്പതിനും കിഴക്കുമുറിദേശം മല്ലിച്ചിറ അയ്യപ്പൻകാവിൽ താലപ്പൊലിദിനത്തിൽ രാവിലെ 10നും സമൂഹ പറവയ്പ് നടത്തും. പാന്പാടി ദേശത്തിന്റെ സംസ്കൃതി സാംസ്കാരികസദസിൽ ഇന്നു വൈകിട്ട് ഗാനമേള.
11നു രാവിലെ 7.30ന് വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽനിന്ന് പടിഞ്ഞാറ്റുമുറി ദേശത്തിനുവേണ്ടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ കോലമേന്തുന്നതോടെ താലപ്പൊലി ഉത്സവത്തിനു തുടക്കമാകും.
പഞ്ചവാദ്യം, പൂതൻ തിറ, വെള്ളാട്ട്, കരിവേഷം എന്നിവ എഴുന്നള്ളിപ്പിന് അകന്പടിയാകും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻകാവിൽനിന്ന് ഉച്ചക്ക് 12.30ന് ആരംഭിക്കും. പുതുപ്പള്ളി കേശവൻ കോലമേന്തും. പഞ്ചവാദ്യവും നാടൻകലാരൂപങ്ങളും എഴുന്നള്ളിപ്പിനു മാറ്റുകൂട്ടും.
പാന്പാടിദേശത്തിന്റെ പരിപാടികൾക്ക് ഉച്ചക്ക് 1.15ന് പാന്പാടി മന്ദംക്ഷേത്രത്തിൽ നിന്നാണു തുടക്കമാകുക. തിരുവന്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടന്പേറ്റും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് എന്നിവയുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് പാന്പാടി സെന്ററിലെ പഞ്ചവാദ്യത്തിനുശേഷം ശ്രീവില്വാദ്രിനാഥക്ഷേത്രത്തിന്റെ വടക്കേനട വഴി താലപ്പൊലിപ്പാറയിലെത്തി അണിനിരക്കും. രാത്രി എട്ടിനും 9.30നും തിങ്കളാഴ്ച പുലർച്ചെ രണ്ടിനും നാലിനുമാണു വെടിക്കെട്ട്.