മഹാത്മാ പാര്‍ക്ക് അടിയന്തരമായി വൃത്തിയാക്കും
1548823
Thursday, May 8, 2025 2:01 AM IST
ഇരിങ്ങാലക്കുട: ഒരാള്‍പ്പൊക്കത്തില്‍ പുല്ലും മണ്ണും കരിങ്കലും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാര്‍ക്കിന്റെ മോചനത്തിനുള്ള വഴിതെളിയുന്നു.
നഗരസഭായോഗത്തില്‍ പാര്‍ക്കിലെ മണ്ണും മാലിന്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്യണമെന്ന് മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ആവശ്യപ്പെട്ടു. പാര്‍ക്കിന്റെ വികസനത്തിനായി 35 ലക്ഷം രൂപയുടെ അമ്യത് പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ടെന്നുപറഞ്ഞ ചെയര്‍പേഴ്സണ്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശംനല്‍കി. നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥല സന്ദര്‍ശിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാറും ഒപ്പം ഉണ്ടായിരുന്നു.
ഉത്സവത്തിനുമുമ്പ് പാര്‍ക്ക് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അമൃത് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ക്ക് ഈ അവസ്ഥയിലാണെന്നും മണ്ണടിക്കാന്‍ സ്വന്തമായി നഗരസഭയ്ക്ക് സ്ഥലമില്ലാത്തതാണ് വിഷയമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് പറഞ്ഞു.
രണ്ടുമാസത്തിനുള്ളില്‍ അമൃത് പദ്ധതി പാര്‍ക്കില്‍ ആരംഭിക്കുമെന്നും അപ്പോള്‍ മണ്ണ് ആവശ്യംവരുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ വിശദീകരിച്ചു. ഫോണിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കേ മതിലിടവഴിയുടെ ടാറിംഗ് നിറുത്തിവച്ച നടപടിയിലും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ പേരില്‍ കുടിവെള്ളം മുടങ്ങിയപ്പോള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തന്റെ വാര്‍ഡില്‍ വെള്ളം എത്തിച്ചില്ലെന്ന് ഭരണകക്ഷി അംഗം എം.ആര്. ഷാജു വിമര്‍ശിച്ചു. മഴക്കാലത്തിനുമുമ്പ് പൊറത്തിശേരി മേഖലയിലെ കിണറുകളിലും കുളഞ്ഞിലെയും ക്ലോറിനേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് എല്‍ഡിഎഫ് അംഗം ടി.കെ. ജയാനന്ദന് ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു.