തൃശൂർ പൂരത്തിനിടെ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത് 1015 പേർ
1549077
Friday, May 9, 2025 1:40 AM IST
തൃശൂർ: പൂരാഘോഷത്തിനിടെ കുഴഞ്ഞുവീണും പരിക്കേറ്റും ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത് 1015 പേർ. ഇതിൽ 131 പേരെ കിടത്തിചികിത്സയ്ക്കു വിധേയമാക്കി. വിദഗ്ധചികിത്സയ്ക്കായി 23 പേരെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു.
സ്വരാജ് റൗണ്ട്, ശ്രീമൂലസ്ഥാനം, തെക്കേഗോപുരനട, ഇലത്തിത്തറ തുടങ്ങിയ പത്തു കേന്ദ്രങ്ങളിൽ ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീം അഞ്ഞൂറോളം പേർക്കു ചികിത്സനൽകി. പൂരത്തിനിടെ ആന ഓടിയതിനെത്തുടർന്നുള്ള തിരക്കിൽപ്പെട്ടു പരിക്കേറ്റ 65 പേർക്കു ചികിത്സനൽകി. ആറുപേരെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു.
പൂരം കൺട്രോൾ റൂമിനോടുചേർന്നുള്ള മെഡിക്കൽ എയ്ഡ് പോസ്റ്റിൽ നിർജലീകരണം കാരണവും തിരക്കിൽപ്പെട്ടു ദേഹാസ്വാസ്ഥ്യവും ചെറിയ മുറിവുകളും ചതവുകളുമായെത്തിയ 189 പേർക്കു ചികിത്സ നൽകി. 39 പേരെ കിടത്തിചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്കു റഫർ ചെയ്തു.
അമല മെഡിക്കൽ കോളജ്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ സംഘം പൂരം ചമയപ്രദർശനഹാളിൽ ചികിത്സ നൽകി. തെക്കോട്ടിറക്കം നടക്കുമ്പോൾ സൺ ഹോസ്പിറ്റൽ, ആത്രേയ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽനിന്ന് ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീമുകളെ തെക്കേ ഗോപുരനടയിൽ ഒരുക്കിയിരുന്നു.
സുരക്ഷിതമായ പൂരത്തിനായി
കൈകോർത്ത് ഫയർഫോഴ്സും
തൃശൂർ: സുരക്ഷിതമായ പൂരം നടത്തിപ്പിനായി കൈകോർത്ത ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആശുപത്രിയിൽ എത്തിച്ചത് 234 പേരെ.
കുടമാറ്റസമയത്തുണ്ടായ തിരക്കിൽപ്പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 163 പേരെയും പുലർച്ചെ ആന ഓടിയതിനെതുടർന്നുള്ള തിരക്കിൽപ്പെട്ടു പരിക്കേറ്റ 13 പേരെയും പകൽപ്പൂരം വെടിക്കെട്ടിനിടെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് 58 പേരെയുമാണു സേന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടമാറ്റസമയത്തു തെക്കേഗോപുരനടയെ പത്തു സോണുകളാക്കി തരംതരിച്ച് ഏഴുപേരടങ്ങുന്ന ടീമിനെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
സിഎംഎസ് സ്കൂളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചിരുന്നു. മഠത്തിൽവരവ് സുരക്ഷിതമാക്കാനും സേനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇലഞ്ഞിത്തറ മേളം നടക്കുന്പോൾ അപകടാവസ്ഥയിലുള്ള ഒരു മരശിഖിരവും ഫയർഫോഴ്സ് വെട്ടിമാറ്റി സുരക്ഷ ഒരുക്കി.