ആനച്ചമയങ്ങളൊരുങ്ങി, കൂടല്‍മാണിക്യത്തില്‍ ഇനി ഉത്സവമേളം
1548827
Thursday, May 8, 2025 2:01 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യംക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള പകല്‍ ശീവലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തലയുയര്ത്തിനില്ക്കുന്ന കൊമ്പന്മാര്ക്ക് ഏഴഴകാണ് നെറ്റിപ്പട്ടങ്ങളും ചമയങ്ങളും പകരുന്നത്.
പകല്‍ ശീവേലിക്ക് സൂര്യപ്രകാശവും രാത്രി എഴുന്നളിപ്പിന് തീപന്തങ്ങളുടെ വെളിച്ചവും നെറ്റിപ്പട്ടങ്ങള്‍ക്ക് സ്വര്ണശോഭയേറ്റും. ഒരുനെറ്റിപ്പട്ടത്തില് മാത്രം ചെറുതും വലുതുമായി എണ്ണായിരത്തിന് മുകളില്‍ കുമിളകളുണ്ടാവും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്.
കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്റെ പിടിയും സ്വര്‍ണനിര്‍മിതമാണ്. മറ്റ് പത്ത് ആനകള്‍ക്ക് മേല്‍ത്തരം വെള്ളിച്ചമയങ്ങളാണ് ഉപയോഗിക്കുന്നത്.
സ്വന്തം സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടല്‍മാണിക്യത്തില്‍ സ്വര്‍ണക്കോലവും സ്വര്‍ണത്തിലുള്ള അഞ്ച് വലിയ നെറ്റിപ്പട്ടങ്ങളും ഉള്ളാനകള്ക്കുള്ള രണ്ട് ചെറിയ നെറ്റിപ്പട്ടങ്ങളും പത്ത് വെള്ളി നെറ്റിപ്പട്ടങ്ങളും ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്. കോലത്തില്‍ ഭഗവാന്റെ രൂപമുള്ള ഗോളകയും തിടമ്പ് വയ്ക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാല്‍ ബാക്കിഭാഗം സ്വര്ണപൂക്കള്കൊണ്ട് അലങ്കരിക്കും. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് ഭംഗിയാക്കി. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനയ്ക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടകയറും എഴുന്നള്ളിക്കുന്ന ആനയ്ക്കായി വിവിധ വര്‍ണത്തിലുള്ള കുടകളും തയാറായി.
ഒരുമാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്കരനും സംഘവും ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കിയത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്കരന് അച്ഛനായ കുട്ടപ്പനില്നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്. പുഷ്കരന്റെ മുത്തച്ഛനും ആനകള്‍ക്കുള്ള ചമയങ്ങളൊരുക്കുകയായിരുന്നു പണി.