പാവറട്ടി തീർഥകേന്ദ്രത്തിൽ ഇന്നു ദീപങ്ങൾ തെളിയും
1549075
Friday, May 9, 2025 1:40 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയ വൈദ്യുതദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഇന്നു നടക്കും. പാവറട്ടി സെന്റ്് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച്ഓൺ കർമം നിർവഹിക്കുന്നതോടെ ദേവാലയവും പരിസരവും ബഹുവർണദീപപ്രഭയിൽ മുങ്ങും. തുടർന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തിരുമുറ്റ മെഗാ ഫ്യൂഷൻ അരങ്ങേറും.
നാളെ കാലത്ത് പത്തിന് തൃശൂർ അതിരുപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന നൈവേദ്യപൂജയ്ക്ക് ശേഷം നേർച്ചഭക്ഷണ ആശീർവാദവും വിതരണവും നടക്കും.
വൈകീട്ട് 5.30ന് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിക്ക് ശേഷം ഭക്തിസാന്ദ്രമായ കൂടുതുറക്കൽ ശുശ്രൂഷ നടക്കും.
രാത്രി എട്ടിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും നൂറ്റിയൊന്ന് കലാകാരന്മാരും അണിനിരക്കുന്ന തിരുനടയ്ക്കൽ മേളം നടക്കും. രാത്രി വിവിധ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും.
ഞായറാഴ്ചയാണ് പ്രധാന തിരുനാൾദിവസം.