എരുമപ്പെട്ടി സ്കൂളിൽ അഡ്മിഷന് പണംപിരിക്കുന്നതായി പരാതി
1549081
Friday, May 9, 2025 1:40 AM IST
എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷനെത്തുന്ന വിദ്യാർഥികളിൽനിന്ന് അനധികൃതമായി പണം പിരിക്കുന്നതായി പരാതി. വികസനഫണ്ടെന്ന പേരിൽ 500 രൂപയാണു വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്. ഇതിനെതിരേ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, കഐസ്യു സംഘടനകൾ പരാതിയുമായി രംഗത്തെത്തി. അഡ്മിഷന് ഫീസിനത്തിൽ 50 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, കഐസ്യു നേതാക്കളായ അക്ഷയ് വെള്ളറക്കാട്, ഷിയാസ് ചിറ്റണ്ട എന്നിവർ സ്കൂളിൽ നേരിട്ടെത്തി പ്രധാനാധ്യാപികയെ പ്രതിഷേധമറിയിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കായാണു ഫീസ് വാങ്ങിയിട്ടുള്ളതെന്നും നിർബന്ധമായി ആരിൽനിന്നും പണം ഈടാക്കുന്നില്ലെന്നും പരാതിയുള്ളവരുണ്ടെങ്കിൽ ഫീസായി വാങ്ങിയ തുക തിരികെ നൽകാമെന്നും പ്രധാനാധ്യാപിക ഉറപ്പ് നൽകിയതായി കോണ്ഗ്രസ് നേതാക്കൾ അറിയിച്ചു. അഡ്മിഷൻ നടത്തുന്ന ക്ലാസ് മുറിക്കുമുന്നിൽ വികസനഫണ്ട് 500 രൂപ നിർബന്ധമില്ലെന്ന പോസ്റ്ററും പതിച്ചിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതമെന്ന് പിടിഎ
എരുമപ്പെട്ടി: അഡ്മിഷനായി വിദ്യാർഥികളിൽനിന്നു നിർബന്ധമായി ഫീസ് പിരിക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എംസി, പിടിഎ ഭാരവാഹികൾ. സംഭാവനയായി തരാൻ താൽപര്യമുള്ള രക്ഷിതാക്കളിൽനിന്നു മാത്രമാണു സ്കൂൾ വികസനഫണ്ടിലേക്കു പണം സ്വീകരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ് എരുമപ്പെട്ടി. ദൈനംദിന പ്രവൃത്തികൾക്കായി തന്നെ വലിയ തുകയാണു ചെലവുവരുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന സംഭാവനകളിൽനിന്നാണു സ്കൂളിലെ പല പ്രവർത്തനങ്ങൾക്കും ഫണ്ട് ചെലവഴിക്കുന്നത്. മുൻ വർഷങ്ങളിലും സ്കൂൾ വികസനസമിതി സംഭാവനകൾ സ്വീകരിക്കാറുണ്ടെന്നും മറ്റു സ്കൂളുകളിലും ഇത്തരത്തിൽ ഫണ്ട് സ്വരൂപിക്കാറുണ്ടെന്നും ഇതു നിർബന്ധിതപിരിവല്ലെന്നും പിടിഎ ഭാരവാഹികളായ വി.എസ്. ശ്രീജൻ, റോബർട്ട് എടപ്പുള്ളി എന്നിവർ അറിയിച്ചു.