പരിഹാരംകാണും: മന്ത്രി ആര്. ബിന്ദു
1548233
Tuesday, May 6, 2025 1:45 AM IST
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യു പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഇക്കാര്യം റവന്യു വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചയ്ക്കായി മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമായത്.
വില്ലേജിലെ 3500 ഭൂവുടമകളില്‍ പത്ത് ശതമാനത്തില്‍ താഴെ പേര് മാത്രമാണ് ഇത് സംബന്ധിച്ച അദാലത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭാ യോഗ തീരുമാനമാണ് വേണ്ടതെന്നും കഴിഞ്ഞ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നടന്ന അദാലത്തില്‍ സബ് രജിസ്ട്രാര്‍ പങ്കെടുത്തതായി കാണുന്നില്ലെന്നും നിലവിലെ ഫെയര്‍ വാല്യു പ്രകാരം ധാരാളം രജിസ്ട്രേഷനുകള്‍ നടന്നിട്ടുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി നില്‍നില്‍ക്കുന്നുണ്ടെന്നും നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ള 423 പേരില്‍ 43 പേരുടെ ഫയല്‍ സമര്പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു റവന്യു ഉദ്യോഗസ്ഥയുടെ മറുപടി.
നഗരസഭ ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കേണ്ട വിഷയം യോഗത്തില്‍ എംപി യുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഉന്നയിച്ചു.
പത്ത് ദിവസത്തിനുള്ളില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാമെന്ന് കഴിഞ്ഞ യോഗങ്ങളില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്ന് കൃപേഷ് ചെമ്മണ്ട ചൂണ്ടിക്കാട്ടി. എവിടെയാണ് സ്ഥാപിക്കേണ്ടതെന്ന് പോലീസ് വ്യക്തമാക്കിയാല്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉറപ്പ് നല്കി.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നും കോവിഡ് ഘട്ടത്തില്‍ നിറുത്തലാക്കിയ ദീര്‍ഘദൂരസര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നും സ്റ്റേഷന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന്, പഞ്ചയത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിപ്പിള്ളി, ലിജി രതീഷ്, ടി.വി. ലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ സിമീഷ് സാഹൂ സ്വാഗതം പറഞ്ഞു.