കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
1548518
Wednesday, May 7, 2025 1:19 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. തൃശൂര്‍ പൂരത്തിന്റെ പിറ്റേന്ന് മേടമാസത്തിലെ ഉത്രംനാളിലാണ് കൂടല്‍മാണിക്യം കൊടിയേറ്റം.
നാളെ രാവിലെ 8.30 മുതല്‍ 12 വരെ ശ്രീരാമപഞ്ചശതി പാരായണം. വൈകീട്ട് 6.30ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓണ്‍. തുടര്‍ന്ന് കൊടിയേറ്റച്ചടങ്ങുകള്‍ ആരംഭിക്കും. 7.30ന് ആചാര്യവരണം. തുടര്‍ന്ന് രാത്രി 8.10നും 8.40നും മധ്യേ ഉത്സവം കൊടിയേറും. 8.45ന് മിഴാവ് ഒച്ചപ്പെടുത്തല്‍. 8.50ന് നങ്ങ്യാര്‍കൂത്ത്. രാത്രി 9.15ന് കിഴക്കേനടയില്‍ കൊരമ്പ് മൃദംഗകളരിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൃദംഗമേള. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസംവരെ ക്ഷേത്രം സോപാനത്തില്‍ കൊട്ടിപ്പാടിസേവ നടക്കും.
ശീവേലിക്കുശേഷം കിഴക്കേനടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ ഓട്ടന്തുള്ളല്, വൈകീട്ട് കുലീപിനീ തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാരുടെ പാഠകം. 6.30ന് പടിഞ്ഞാറെ നടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ കുറത്തിയാട്ടം. വൈകീട്ട് 4.30ന് സന്ധ്യവേലപ്പന്തലില് സോപാനസംഗീതം.
6.30ന് നാഗസ്വരം, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പറ്റ്. കൊടിപ്പുറത്ത് വിളക്ക് ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് സാംസ്കാരിക പൊതുസമ്മേളനം നടക്കും.
10 മുതല്‍ 17 വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശീവേലി എഴുന്നള്ളിപ്പും രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പും നടക്കും. സംഗമംവേദിയില് ദിവസവും കഥകളി.