സംഗമേശന്റെ 12 അടി ശില്പവുമായി ദീപു കളരിക്കല്‍
1549086
Friday, May 9, 2025 1:40 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ സ്വാമിയുടെ 12 അടി വലുപ്പമുള്ള തെര്‍മോകോള്‍ ശില്പവുമായി മാപ്രാണം സ്വദേശി ദീപു കളരിക്കല്‍. കലാകാരനായ അദ്ദേഹം 50,000 രൂപയോളം ചെലവാക്കിയാണു ശില്പം നിര്‍മിച്ചെടുത്തത്. ഫെവിക്കോളും തെര്‍മോക്കോളും ചേര്‍ത്ത് ഒരഴ്ച കൊണ്ടാണ് വളരെ മനോഹരമായ രീതിയില്‍ ഭക്തിതുളുമ്പുന്ന പ്രസരിപ്പുള്ള സംഗമേശന്റെ ശില്പം പൂര്‍ത്തീകരിച്ചത്. ക്ഷേത്രത്തിനായി എന്തെങ്കിലും നിര്‍മിച്ചു സമര്‍പ്പിക്കണമെന്ന് താനും ഭാര്യയും ആഗ്രഹിച്ചിരുന്നതായും ഒടുവില്‍ ഭഗവാന്റെത്തന്നെ രൂപം സമര്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ദീപു പറഞ്ഞു.
ചേലുകാവില് ദീപാര്ട്സ് എന്ന ഒരു സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. 23 വര്‍ഷമായി ഈ രംഗത്തുണ്ട്. ബുദ്ധന്റെ ഉള്‍പ്പടെ നിരവധി ശില്പങ്ങള് നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ദീപു സമര്‍പ്പിച്ച ശില്പം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൂടല്‍മാണിക്യം ദേവസ്വം പറ്റിയ ഒരിടത്തു സ്ഥിരമായി പ്രദര്ശിപ്പിക്കാമെന്നു ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു. മനോഹരമായ ശില്പം നിര്‍മിച്ച ശില്പിയെ അദ്ദേഹം അഭിനന്ദിച്ചു.