ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട്; പ്രശ്നപരിഹാരമില്ലാത്തതിൽ പ്രതിഷേധം
1548521
Wednesday, May 7, 2025 1:19 AM IST
പെരിഞ്ഞനം: ചെറിയ മഴയിലും ദേശീയപാത 66ൽ പെരിഞ്ഞനം വടക്കേ ബസ് സ്റ്റോപ്പില്‍ വെള്ളക്കെട്ട്. വർഷങ്ങളായി ഈ ബസ് സ്റ്റോപ്പിലെ അവസ്ഥ ഉങ്ങനെയാണ്. ചെറിയ മഴയിൽപോലും വെള്ളംകെട്ടിക്കിടക്കുന്ന അവസ്ഥ.
ബോട്ടുജെട്ടിയെന്നാണ് ഇതിനെ പരിഹസിച്ച് യാത്രക്കാർ പറയുന്നത്. പൊതുജനങ്ങളുടെ വ്യാപകമായ പരാതിയെത്തുടർന്ന് വെള്ളക്കെട്ടിലായ ബസ് സ്റ്റോപ്പിൽ കാന നിർമിക്കണമെന്ന് പെരിഞ്ഞനം പഞ്ചായത്ത് ഭരണസമിതി ദേശീയപാത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കുകയുണ്ടായില്ല.
വാർഡ് മെമ്പർ സുജ ശിവരാമന്റെ പ്രത്യേക താത്പര്യം കണക്കിലെടുത്ത് നീരൊഴുക്കിന് പഞ്ചായത്ത് താത്കാലിക നടപടികൾ സ്വീകരിച്ചുവെങ്കിലും പണ്ടത്തെപ്പോലെ ഇപ്പൊഴും ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചൂടിലെ ഒറ്റപ്പെട്ട വേനൽമഴയിൽ ഇതാണവസ്ഥയെങ്കിൽ ഇടവിടാതെപെയ്യുന്ന ഇടവപ്പാതിയിൽ എന്തായിരിക്കും സ്ഥിതിയെന്നാണ് ബസ് കാത്തുനിൽക്കുന്നവരും പ്രദേശവാസികളും ചോദിക്കുന്നത്.
ഈ മഴക്കാലത്തിനുമുമ്പ് ഇതുവല്ലതും നടക്കുമോ എന്നാണ് അധികാരികളോടുള്ള ചോദ്യം.