മാർ ഫ്രാൻസിസ് വാഴപ്പിള്ളിയെ അനുസ്മരിച്ച് 100 വൈദികരുടെ സമൂഹബലി
1548237
Tuesday, May 6, 2025 1:45 AM IST
തൃശൂർ: ബസിലിക്കയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു മാർ ഫ്രാൻസിസ് വാഴപ്പിള്ളിയെ അനുസ്മരിച്ചു. അനുസ്മരണ ദിവ്യബലിയിൽ 100 വൈദികർ പങ്കെടുത്തു.
ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമായി പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയെ മാറ്റിയതിനു നേതൃത്വംനൽകിയതു മാർ ഫ്രാൻസിസ് വാഴപ്പിള്ളിയാണ്. അദ്ദേഹത്തിന്റെ സഹോദരപുത്രനും മൈസൂർ രൂപതയുടെ എമരിറ്റസ് ബിഷപ്പുമായ മാർ തോമസ് വാഴപ്പിള്ളി ദിവ്യബലിക്കു നേതൃത്വം നൽകി.
അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മോണ്‍. ജോർജ് മാനാടൻ, ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി എന്നിവർ ഉൾപ്പെടെ നൂറു വൈദികർ സഹകാർമികരായി. അനുസ്മരണ ബലിയിലും തിരുക്കർമങ്ങളിലും സാഹിത്യകാരൻമാരായ വി.ജി. തന്പി, ഡോ. റോസി തന്പി എന്നിവരടങ്ങുന്ന വാഴപ്പിള്ളി കുടുംബാംഗങ്ങൾ പങ്കെടുത്തു.
തുടർന്നു നടന്ന ആദരണീയം പരിപാടിയും മാർ തോമസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജൂബിലേറിയൻമാരായ വൈദികർ, വികാരിമാർ, അസിസ്റ്റന്റ് വികാരിമാർ, കൈക്കാരൻമാർ, ദേവാലയ ശുശ്രൂഷികൾ, ഇടവകാംഗങ്ങളായ വൈദികർ, സിസ്റ്റർമാർ എന്നിവരെ ആദരിച്ചു.
ഷംഷാബാദ് രൂപതയിലെ ഒരു ദേവാലയത്തിന്റെ നിർമാണത്തിനുള്ള ധനസഹായം ശതാബ്ദി ആഘോഷകമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, മാർ ടോണി നീലങ്കാവിലിനു കൈമാറി.
ആദരിക്കപ്പെട്ട വൈദികരെ പ്രതിനിധീകരിച്ചു മോണ്‍. ജോർജ് മാനാടൻ മറുപടി പ്രസംഗം നടത്തി. മാനേജിംഗ് ട്രസ്റ്റി വി.ആർ.ജോണ്‍ സ്നേഹോപഹാരം നൽകി. ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, പ്രോഗ്രാം കമ്മറ്റി കണ്‍വീനർ ജോയ് കെ. ജോണ്‍ എന്നിവർ പ്രസംഗിച്ചു.