പാവറട്ടി തിരുനാളിന് ഒരുകോടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ
1548775
Thursday, May 8, 2025 2:01 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 9, 10, 11 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാൾ ആഘോഷിക്കുന്നത്.
കൊടികയറ്റം മുതൽ തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ പാവറട്ടി സാൻജോസ് ആശുപത്രിയിൽ ഒപി ടിക്കറ്റുകൾ പൂർണമായും സൗജന്യമാണ്. തിരുനാളിന്റെ ഭാഗമായി അഞ്ഞൂറ് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകും. തീർഥകേന്ദ്രത്തിന്റെ ശതോത്തര സുവർണജൂബിലിയുടെ ഭാഗമായി അഞ്ച് വീടുകൾ ജാതിമത ഭേദമെന്യേ പാവപെട്ടവർക്ക് നിർമിച്ചു നൽകുന്നുണ്ട്. തീർഥകേന്ദ്രത്തിൽ ലഭ്യമാകുന്ന ചികിത്സാസഹായം, ഭവനനിർമാണം, വിവാഹസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ അപേക്ഷകൾ പരിഗണിച്ച് വിവിധ സഹായങ്ങൾ നൽകും.
വെള്ളിയാഴ്ച രാത്രി ഏഴിന് പാവറട്ടി ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺകർമം നടത്തുന്നതോടെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും.
തുടർന്ന് തിരുമുറ്റ മെഗാഫ്യൂഷൻ നടക്കും. ശനിയും ഞായറുമാണ് പ്രധാന തിരുനാൾ ദിനങ്ങൾ. തീർഥകേന്ദ്രം റെക്ടർ ഫാ. ഡോ. ആന്റണി ചെമ്പകശേരി, മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജോൺ പുലിക്കോട്ടിൽ, വി.എസ്.സെബി, എൻ.ജെ.ലിയോ, സി.സി. ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.