വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല
1549072
Friday, May 9, 2025 1:40 AM IST
തൃശൂർ: സർക്കാർ പദ്ധതികളുടെ പുരോഗതിയിൽ തൃശൂർ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാലക്കാടു നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി.
അതിദാരിദ്യ്രനിർമാർജനത്തിലും ലൈഫ് ഭവനപദ്ധതിയിലും ആർദ്രം പദ്ധതിയുടെ ഭാഗമായ ആരോഗ്യസ്ഥാപനങ്ങളുടെ പരിവർത്തനത്തിലും ജില്ല നല്ലരീതിയിലുള്ള പുരോഗതി കൈവരിച്ചു. 5013 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയതിൽ 4158 കുടുംബങ്ങൾ അതിദാരിദ്യ്രത്തിൽനിന്ന് മുക്തരായി. 83 ശതമാനം പുരോഗതിയാണ് ഈ കാര്യത്തിൽ കൈവരിച്ചതെന്നും മൂന്നു മാസത്തിനുള്ളിൽ 92 ശതമാനം പുരോഗതി കൈവരിക്കാനാവുമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അറിയിച്ചു.
ഭവനരഹിതർക്കു വീടു വച്ചുനൽകുന്ന ലൈഫ് പദ്ധതിയിൽ 82 ശതമാനം വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിനകം 84.12 ശതമാനം പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം ജില്ലയിലെ 328 റോഡുകളിൽ 123 റോഡുകളുടെ പ്രവൃത്തികൾ ആരംഭിച്ചതായും അടുത്ത മൂന്നുമാസത്തിനകം മുഴുവൻ റോഡുകളുടെയും പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുമടക്കം വിവിധ പദ്ധതികളാണ് ജില്ലയിൽ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ജില്ലയിലെ ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി, അതിദാരിദ്ര്യ നിർമാർജനപദ്ധതി, ആർദ്രം, വിദ്യാകിരണം, മാലിന്യമുക്തകേരളം, ഹരിത കേരളം മിഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ജില്ലയിലെ മുൻഗണനാവിഷയങ്ങളുമാണ് പാലക്കാടുനടന്ന മേഖലാതല അവലോകനയോഗത്തിൽ ചർച്ചചെയ്തത്.