കെഎസ്ആർടിസി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ
1548527
Wednesday, May 7, 2025 1:19 AM IST
തൃപ്രയാർ: കെഎസ്ആർടിസി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ.
ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു (29), കൊട്ടുക്കൽ വീട്ടിൽ അമിത്ത് (20), വലപ്പാട് സ്വദേശി ചാഴുവീട്ടിൽ കുട്ടി (19) എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ എടമുട്ടം ജംഗ്ഷനു വടക്കുവശത്തുവച്ച് എതിർദിശയിൽനിന്നും സ്കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിന്റെ ഡോർ ഗ്ലാസ് പൊ ട്ടിക്കുകയും ചെയ്തിരുന്നു.
ഡ്രൈവറുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തു കയും ബസിന്റെ തുടർസർവീസ് മുടക്കുകയും ചില്ലുപൊട്ടിക്കുകയും ചെയ്തതിൽ 50,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറായ നാട്ടിക ബീച്ച് നായരുശേരി വീട്ടിൽ മഹേഷിന്റെ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതികളായ വിഷ്ണുവിനു കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടിക്കേസുകളുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് എസ്ഐ സദാശിവൻ, സിപിഒമാരായ പ്രബിൻ, പി.കെ. അനൂപ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.