കാർ ലോൺ അടച്ചുതീർത്തെന്നു വ്യാജരേഖ തയാറാക്കി ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍
1535266
Saturday, March 22, 2025 1:00 AM IST
പുതുക്കാട്: കാർ ലോണുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കി പുതുക്കാട് സ്വദേശിയുടെ രണ്ടര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റില്‍. മരത്താക്കര സ്വദേശി തെക്കിനിയത്ത് ഷാരോണി(34)നെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പുതുക്കാട് കണ്ണമ്പത്തൂര്‍ കൊളങ്ങരപ്പറമ്പില്‍ രതീഷിൽനിന്നാണ് ലോണ്‍ അടച്ചുതീര്‍ത്ത വ്യാജരേഖ തയാറാക്കി ഇയാള്‍ പണം തട്ടിയത്. ഷാരോണ്‍ രതീഷിനു കാര്‍ ലോണ്‍ ശരിയാക്കിനല്കിയിരുന്നു. ഇതിന്റെ ഇഎംഐ മാസംതോറും രതീഷിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിടിച്ചിരുന്നു. ഇതിനിടെ ലോണ്‍ ക്ലോസ് ചെയ്താല്‍ 60,000 രൂപ ലാഭമുണ്ടാകുമെന്നുപറഞ്ഞ് ഷാരോണ്‍ വിളിച്ചതിനെതുടര്‍ന്ന് രണ്ടു തവണകളായി രണ്ടര ലക്ഷം രൂപയോളം രതീഷ് ഷരോണിനു നല്കി. പണം കൈപ്പറ്റിയശേഷം തുക ബാങ്കില്‍ അടച്ചുവെന്നുപറഞ്ഞ് വ്യാജമായി തയാറാക്കിയ ബാങ്ക് സ്ലിപ്പിന്റെ കോപ്പിയും എന്‍ഒസിയും ഷാരോണ്‍ രതീഷിനു നല്‍കുകയായിരുന്നു.
പിന്നീട് കാര്‍ ലോണിന്റെ ഇഎംഐ അടയ്ക്കുന്നതിനു രതീഷിന്റെ ഫോണില്‍ മെസേജ് വന്നപ്പോഴാണ് തട്ടിപ്പുനടന്നതായി മനസിലായത്.
സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍പോയ ഇയാള്‍ മരത്താക്കരയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാര്‍, എസ്ഐ എന്‍. പ്രദീപ്, സ്പെഷല്‍ ബ്രാഞ്ച് എസ്ഐ കെ.കെ. വിശ്വനാഥന്, എഎസ്ഐ ധനലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിധീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ബേസില്‍ ഡേവിഡ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.