വെട്ടുകേസിലെ പ്രതികൾ പിടിയിൽ
1535258
Saturday, March 22, 2025 1:00 AM IST
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പിലും പുതുരുത്തി ജനപ്രിയ നഗർ ബസ്റ്റോപ്പിനടുത്തുവച്ചും ലഹരി വില്പന ചോദ്യം ചെയ്തതിന്റെ പേരിൽ വെട്ടിപരിക്കേല്പിച്ച് ഒളിവിൽ പോയിരുന്ന രണ്ടുപ്രതികളെ മണിക്കൂറുകൾക്കുള്ളിൽ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിജിൻ എം. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
വടക്കാഞ്ചേരി പുതുരുത്തി ജനപ്രിയ നഗർ ബസ്റ്റോപ്പിനടുത്തു വെച്ച് ലഹരി വില്പന ചോദ്യം ചെയ്തതിന്റെ പേരിൽ ജിഷ്ണു എന്നയാളെ വെട്ടിപരിക്കേല്പിച്ച് ഒളിവിൽ പോയിരുന്ന പുതുരുത്തി പുലിക്കുന്നത്ത് വീട്ടിൽ രാഹുൽ (26), പുതുരുത്തി കരുവാൻകാട്ടിൽ വീട്ടിൽ കൃഷ്ണദാസ് (22) എന്നിവരെ ഒളിവിൽപോകാൻ ശ്രമിക്കുന്നതിനിടെ വടക്കാഞ്ചേരി ടൗണിൽവച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്.
ലഹരി വില്പനയും ഉപയോഗവും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. നാട്ടുകാരുടെ കൂടെ ഉണ്ടായിരുന്ന ജിഷ്ണുവിനെ പ്രതികളിലൊരാൾ വീശരിവാൾകൊണ്ട് കഴുത്തിനു വെട്ടുവാൻ ശ്രമിച്ചത്. കൈകൊണ്ട് തടഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.
പോലീസ് ഇൻസ്പെക്ടർ റിജിൻ എം. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ പി.എസ്. സോമൻ, അസി. സബ് ഇൻസ് പെക്ടർ പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സിറിൽ, സഗുൺ എന്നിവരുണ്ടായിരുന്നു.