ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ തിരുനാൾ
1510577
Sunday, February 2, 2025 7:57 AM IST
ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാൾ ഏഴു മുതല്‍ പത്തുവരെ നടക്കും.
അഞ്ചിന് 4.45ന് തിരുനാളിന് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയാപുരയ്ക്കൽ കൊടി ഉയർത്തും. തുടർന്ന് ദിവ്യബലിക്ക് ബിഷപ് കാർമികത്വംവഹിക്കും. ഏഴിന് വൈകിട്ട് അഞ്ചിന് ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കാർമികത്വംവഹിക്കും. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിക്കൽ. ഏഴിന് ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ നടക്കും. എട്ടിന് രാവിലെ 7.15ന് ദിവ്യബലി. തുടർന്ന് വിവിധ സമുദായങ്ങളുടെ അമ്പെഴുന്നള്ളിപ്പ്. രാത്രി 10ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
ഒമ്പതിന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണുക്കാടൻ കാർമികത്വംവഹിക്കും. വൈകീട്ട് നാലിന് തിരുനാൾപ്രദക്ഷിണം. തിരുനാൾപ്രദക്ഷിണം ഇറങ്ങുമ്പോൾ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടർന്ന് വർണക്കാഴ്ച. തിങ്കളാഴ്ച വിവിധ സമുദായങ്ങളിൽനിന്നുള്ള അമ്പെഴുന്നള്ളിപ്പ്. ടൗൺ അമ്പുപ്രദക്ഷിണം രാത്രി 10ന് പള്ളിയിൽ സമാപിക്കും. 12ന് പ്രവാസി അമ്പ് ഉണ്ടായിരിക്കും. 15, 16 തീയതികളിൽ എട്ടാമിടവും ആഘോഷിക്കും. തിരുനാളിനോട് അനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാല് എക്സിബിഷനുകൾ സംഘടിപ്പിക്കും.
നിർധനരായവർക്ക് ഭവനം ഒരുക്കുവാൻ "കൂടൊരുക്കാൻ കൂടെയുണ്ട്' പദ്ധതിയിലൂടെ 21 വീടുകൾ നിർമിച്ചുനൽകും. കൂടാതെ ഡയാലിസിസ് രോഗികൾക്ക് ചില്ലറക്കാരൻപദ്ധതിയിലൂടെ ചികിത്സാസഹായം നൽകും. തിരുനാൾ ദിനത്തില്‍ ഉച്ചയ്ക്ക് 12ന് 17 ഭവനങ്ങളുടെ അടിസ്ഥാനശില ആശീർവാദവും നാലു ഭവനങ്ങളുടെ വെഞ്ചരിപ്പുകർമവും ബിഷപ് പോളി കണ്ണുക്കാടൻ നിർവഹിക്കും. നിർധനരായ പെൺകുട്ടികൾക്കു വിവാഹസഹായം 10 ലക്ഷം രൂപ ജനറൽ കൺവീനർ സംഭാവന നല്കി. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. വർഗീസ് പാത്താടൻ, ജനറൽ കൺവീനർ സൈബു മാളക്കാരൻ, കൈക്കാരന്മാരായ ഡേവിസ് മൽപ്പാൻ, ഡേവിസ് തെക്കൻ മാച്ച്പിള്ളി, ഷാജൻ ജോൺ കച്ചിറക്കൽ, ജോൺ ആളൂക്കാരൻ, അസി.വികാരിമാരായ ഫാ. അഖിൽ തണ്ടിയേക്കൽ, ഫാ. ക്രിസ്റ്റി ചിറ്റക്കര എന്നിവർ പങ്കെടുത്തു.