റേഷൻ എത്തിയില്ല: വ്യാപാരി നിരാഹാരസമരം നടത്തി
1510573
Sunday, February 2, 2025 7:57 AM IST
ചാലക്കുടി: ജനുവരി മാസത്തെ റേഷൻസാധനങ്ങൾ മാസംകഴിഞ്ഞിട്ടും കടയിൽ എത്താത്തതിനെതുടർന്ന് റേഷൻ വ്യാപാരി സപ്ലൈ ഓഫീസിനു മുന്നിൽ നിരാഹാരസമരം നടത്തി.
വാളൂരിലെ റേഷൻ വ്യാപാരി പി.കെ. നൗഷാദാണ് സമരംനടത്തിയത്. ചാലക്കുടി താലൂക്കിൽ മാസം അവസാനിച്ചിട്ടും പതിനേഴോളം കടകളിൽ റേഷൻ സാധനങ്ങൾ എത്തിയില്ല. കരാറുകാരൻ ചില കടകളിൽമാത്രം റേഷൻ എത്തിക്കുന്നു. കോൺട്രാക്ടറെക്കൊണ്ട് കൃത്യമായി സാധനങ്ങൾ എത്തിക്കുന്നതിൽ കഴിഞ്ഞ ആറു മാസമായി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിക്കുന്നു. പല പരാതികളും സമരങ്ങളും നടത്തിയിട്ടും ഒരുഫലവുമില്ലാതെ വന്നപ്പോൾ ഗതികെട്ടാണ് വ്യാപാരി നിരാഹാര സമരത്തിന് മുന്നിട്ടിറങ്ങിയത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സനീഷ്കുമാർ ജോസഫ് എംഎൽഎ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മുൻ മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ, ഷിബു വാലപ്പൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറുടെ അഭ്യർഥനയെത്തുടർന്ന് അടുത്തമാസം മുതൽ താമസംകൂടാതെ കടകളിൽ സാധനങ്ങൾ എത്തിച്ചുതരാം എന്ന ഉറപ്പിന്മേൽ നിരാഹാരസമരം അവസാനിപ്പിച്ചു. പി.ഡി. പോൾ നാരങ്ങാവെള്ളംനൽകി സമരമവസാനിപ്പിച്ചു.