പോലീസ് പ്രകോപനങ്ങൾക്കെതിരേ നടപടി വേണം: കേരള കോണ്ഗ്രസ് -എം
1490326
Friday, December 27, 2024 8:45 AM IST
തൃശൂർ: പാലയൂർ സെന്റ് തോമസ് തീർഥകേന്ദ്രത്തിലെ ക്രിസ്മസ് കരോൾ ആഘോഷപരിപാടികൾ നിർത്തിവയ്പിച്ച ചാവക്കാട് എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്നു കേരള കോണ്ഗ്രസ് -എം ജില്ലാ നേതൃയോഗം.
സമാധാനപരമായി നടത്തുന്ന മതാഘോഷചടങ്ങുകളിൽ പ്രകോപനം സൃഷ്ടിക്കാനുള്ള പോലീസിന്റെ വ്യഗ്രത അംഗീകരിക്കാനാകില്ല. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടികളെതുടർന്ന് തൃശൂർ പൂരംപോലും അലങ്കോലപ്പെടാൻ ഇടവന്ന സാഹചര്യം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപിയും മന്ത്രി റോഷി അഗസ്റ്റിനും തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴയുമായി ചർച്ചചെയ്തു. കർശനനടപടി സ്വീകരിക്കണമെന്നു ഇരുവരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ, ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, ലോയേഴ്സ് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. സജൂഷ് മാത്യു, കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി.എ. ജോണി, ഐടി ജില്ലാ കോ ഓർഡിനേറ്റർ സാംസണ് ചിരിയങ്കണ്ടത്ത്, നിയോജകണ്ഡലം പ്രസിഡന്റ് ബെന്നി ചെറുവത്തൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബൈജു ജോസഫ്, ഷാജൻ ജോസഫ് എന്നിവർ ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴയെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.