കരോൾ തടസപ്പെട്ട സംഭവം പ്രതിഷേധാർഹം: അതിരൂപതാതല പ്രതിനിധിസംഘം
1490323
Friday, December 27, 2024 8:45 AM IST
പാലയൂർ: സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായ പാലയൂർ സെന്റ് തോമസ് പള്ളിയിലെ കരോൾശുശ്രൂഷകൾ തടസപ്പെടാനിടയായ പോലീസ് നടപടികൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള അതിരൂപതാതല പ്രതിനിധിസംഘം. പാലയൂർ പള്ളി സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു പ്രതിനിധിസംഘം.
സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ സന്ദർശനത്തോടനുബന്ധിച്ചു പാലയൂരിലുണ്ടായ പോലീസ് നടപടികളിൽ സഭയ്ക്ക് അതീവ ഉത്കണ്ഠയും വേദനയുമുണ്ട്. ക്രിസ്മസ് ആഘോഷങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ചില സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായി. അതിനു സമാനമായി പാലയൂരിലുണ്ടായ സംഭവത്തിൽ പോലീസ്തന്നെ പ്രതിസ്ഥാനത്തു വന്നതു പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്നറിയാൻ സഭാനേതൃത്വത്തിന് ആകാംക്ഷയുണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
പള്ളി സന്ദർശിച്ചശേഷം പ്രതിനിധിസംഘം വൈദികർ, പള്ളി ട്രസ്റ്റിമാർ, സംഘടനാ ഭാരവാഹികൾ എന്നിവരുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വക്കറ്റ് ഫോറം പ്രസിഡന്റ് അജി വർഗീസ്, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർമാസ്റ്റർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ഭാരവാഹികളായ കെ.സി. ഡേവീസ്, റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, മേഴ്സി ജോയ്, ജോജു മഞ്ഞില, അലോഷ്യസ് കുറ്റിക്കാട്ട്, ജോഷി കൊമ്പൻ, തോമസ് ചിറമ്മൽ എന്നിവർ പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നു.
പാലയൂർ പള്ളി കൈക്കാരൻ പി.എ. ഹൈസൺ, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ജോയ്സി ആന്റണി എന്നിവർ പാലയൂർ പള്ളി പ്രതിനിധികളായി പങ്കെടുത്തു.