മെഡിക്കൽ കോളജ് ആശുപത്രിയോട് അവഗണന; കോൺഗ്രസ് ഉപവാസസമരം 27ന്
1489878
Wednesday, December 25, 2024 12:53 AM IST
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയോടുള്ള സർക്കാർ അവഗണനയ്ക്കെതിരേ ഉപവാസസമരത്തിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് അടാട്ട്, വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 27നു രാവിലെ പത്തുമുതൽ അഞ്ചുവരെ നടക്കുന്ന സമരത്തിന് ആശുപത്രി വികസനസമിതി അംഗവും കെപിസിസി സെക്രട്ടറിയുമായ രാജേന്ദ്രൻ അരങ്ങത്ത് നേതൃത്വം നല്കും. ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. സനീഷ്കുമാർ ജോസഫ് എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. എച്ച്ഡിഎസ് അംഗങ്ങൾ പങ്കെടുക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന എച്ച്ഡിഎസ് യോഗം ഉടൻ ചേരുക, ഇല്ലാത്ത അധികാരം ഉപയോഗിച്ച് എക്സിക്യൂട്ടീവ് യോഗം ചേർന്ന് തീരുമാനങ്ങളെടുക്കുന്നത് അവസാനിപ്പിക്കുക, ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നിയമന ലിസ്റ്റ് പരിഷ്കരിച്ച് എല്ലാ വിഭാഗത്തിലും നിയമനങ്ങൾ നടത്തുക, ജില്ലാ കളക്ടറുടെ മിന്നൽപരിശോധനയിൽ കണ്ടെത്തിയ 10.75 ലക്ഷം രൂപയുടെ ക്രമക്കേട് അന്വേഷിച്ച് നടപടിയെടുക്കുക, സംഭവത്തിൽ താത്കാലിക ജീവനക്കാരിയെ ബലിയാടാക്കി ഉന്നതാധികാരികളെ രക്ഷിക്കാനുള്ള സർക്കാർശ്രമം ഉപേക്ഷിക്കുക, ക്രമക്കേടുവിവാദം നിലനിൽക്കേ ആർഎംഒ വിദേശജോലിയിൽ പ്രവേശിച്ചതും അക്കാലത്തെ താത്കാലികനിയമനങ്ങളും അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പത്രസമ്മേളനത്തിൽ രാജേന്ദ്രൻ അരങ്ങത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ വിബിൻ വടേകിയാട്ടിൽ, പി.ജി. ജയദീപ്, എച്ച്ഡിഎസ് അംഗങ്ങളായ ലീല രാമകൃഷ്ണൻ, പി.വി. ബിജു എന്നിവർ പങ്കെടുത്തു.