മലങ്കര ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റി യൂണിറ്റ് തുടങ്ങി
1489796
Tuesday, December 24, 2024 7:41 AM IST
കുന്നംകുളം: കുന്നംകുളം മലങ്കര ആശുപത്രിയുടെ വികസനനാൾവഴിയിൽ ഒരു അധ്യായംകൂടി. ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ കാഷ്വാലിറ്റി യൂണിറ്റ് പ്രവർത്തനംതുടങ്ങി. ആശുപത്രി വൈസ് പ്രസിഡന്റും കുന്നംകുളം ഭദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റിലെ രണ്ടു ഓപറേഷൻ തിയറ്ററുകളുടെ ഉദ്ഘാടനം എ.സി. മൊയ്തീൻ എംഎൽഎയും നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രനും ചേർന്ന് നിർവഹിച്ചു. ആശുപത്രി സെക്രട്ടറി കെ.പി. സാക്സൺ അധ്യക്ഷനായിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, ഫാ. ജോസഫ് ചെറുവത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. മോഹൻ തോമസ്, വാർഡ് കൗൺസിലർ ഷാജി ആലിക്കൽ എന്നിവർ ആശംസകൾനേർന്നു. ആശുപത്രി ട്രഷറർ മോൺസി പി. അബ്രഹാം സ്വാഗതവും മെഡിക്കൽ ഡയറക്ടർ ഡോ. ബാബു മാത്യു നന്ദിയുംപറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന സൗകര്യക്കുറവുകൾക്ക് ഇതോടെ ശാശ്വതപരിഹാരമാവുകയാണ്.
പതിനായിരം സ്ക്വയർഫീറ്റ് വിസ്തൃതിയിലാണ് പുതിയ യൂണിറ്റ് ഒരുക്കിയിട്ടുള്ളത്. 65 കിടക്കകൾ, എമർജൻസി ലബോറട്ടറി സൗകര്യം, എമർജൻസി മരുന്നുകൾക്ക് ഫാർമസി, ചെറിയ ഓപ്പറേഷൻ തിയേറ്റർ, രണ്ട് ഒബ്സർവേഷൻ മുറികൾ, പുതിയ ആറ് വെന്റിലേറ്ററുകൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ കാഷ്വാലിറ്റി വിഭാഗം. വിവിധ വിഭാഗങ്ങളിലെ ആറു ഡോക്ടർമാരുടെ സേവനം പുതിയ യൂണിറ്റിൽ ഉണ്ടായിരിക്കും.