വർഷങ്ങൾക്കുശേഷം അതിഥിമന്ദിരം തുറന്നു; രോഗികൾക്കും ആശ്വാസം
1489814
Tuesday, December 24, 2024 7:41 AM IST
മുളങ്കുന്നത്തുകാവ്: ലക്ഷങ്ങൾമുടക്കി നിർമാണംപൂർത്തിയാക്കി ഉദ്ഘാടനംകഴിഞ്ഞിട്ടും വർഷങ്ങളായി അടഞ്ഞുകിടന്ന ഗവ. മെഡിക്കൽ കോളജ് കാന്പസിലെ അതിഥിമന്ദിരം തുറന്നു.
ആശുപത്രിയിലെത്തുന്ന സാധാരണക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലാണു കെട്ടിടം തുറക്കുന്നത്. ആവശ്യത്തിനു ജീവനക്കാരെയും നിയമിച്ചു.
ഔദ്യോഗിക ജോലികൾക്കായി കോളജിലോ ആശുപത്രിയിലോ എത്തുന്നവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മുറികൾ ലഭിക്കും.
ആശുപത്രി പേവാർഡിൽ ഒരു മുറിക്ക് 800 രൂപയാണു പ്രതിദിന വാടക. അതിഥി മന്ദിരത്തിൽ സാധാരണ മുറിക്ക് 500 രൂപയും എസി അടക്കമുള്ള മുറിക്ക് ആയിരം രൂപയുമാണു വാടക. ചുറ്റും സിസിടിവി കാമറകളും സ്ഥാപിച്ചു.
മെഡിക്കൽ കോളജിൽ പരിശോധനകൾക്കു ഡൽഹിയിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കുവേണ്ടിയാണു മന്ദിരം നിർമിച്ചത്. എന്നാൽ, ഉദ്യോഗസ്ഥർ ഇതുപയോഗിക്കാറില്ല. തുടർന്നാണ് കെട്ടിടം അനാഥമാ
യത്.
വർഷങ്ങളായി കെട്ടിടം ഒഴിഞ്ഞുകിടക്കുന്നതു ശ്രദ്ധയിൽപെട്ട പ്രിൻസിപ്പൽ ഡോ. കെ.എൻ. അശോകൻ, ആശുപത്രി സൂപ്രണ്ട് ഇൻ-ചാർജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ് എന്നിവരയുടെ നേതൃത്വത്തിലാണു മന്ദിരം തുറക്കാനുള്ള തീരുമാനമെടുത്തത്.
മുറികൾ ബുക്ക് ചെയ്യാനുള്ള നന്പർ: 0487 2472030.