പാലിയേക്കര ടോള്‍പ്ലാസയിലെ ശുചിമുറിമാലിന്യം പാടത്തേക്കൊഴുക്കി
1489791
Tuesday, December 24, 2024 7:41 AM IST
പാലിയേക്കര: ടോള്‍പ്ലാസയിലെ പൊതുശൗചാലയത്തിലെ ശുചിമുറിമാലിന്യം കാനയിലേക്കൊഴുക്കുന്നു.
സംഭവമറിഞ്ഞ് നാട്ടുകാര്‍ എത്തിയതോടെ മാലിന്യം ഒഴുക്കുന്നത് നിര്‍ത്തിവച്ചു. മാസങ്ങളായി ഇത്തരത്തില്‍ മാലിന്യം പാടത്തേക്ക് ഒഴുക്കിവിടുന്നതുമൂലം പ്രദേശത്തെ കിണറുകള്‍ മലിനമായതായി നാട്ടുകാര്‍പറഞ്ഞു. പാടത്തേക്ക് ഒഴുക്കുന്ന മാലിന്യം കാനകളിലൂടെ മണലിപുഴയിലാണ് എത്തുന്നത്.
പാടത്തിന്റെ ഓരത്ത് താമസിക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പാടത്തിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന മലിനജലം കിണറുകളില്‍ കലരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
നെന്മണിക്കര പഞ്ചായത്തംഗം രാജേഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തി ടോള്‍കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
ജനങ്ങളെ ദ്രോഹിക്കുന്ന ടോള്‍ അധികൃതരുടെ നിലപാടിനെതിരെ നടപടിയെടുക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊണ്ടില്ലെന്ന് പഞ്ചായത്തംഗം രാജേഷ്കുമാര്‍ പറഞ്ഞു.