ജീവനുള്ള മെഗാ പുൽക്കൂടിന് ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്
1489860
Wednesday, December 25, 2024 12:52 AM IST
മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയാങ്കണം തിങ്കളാഴ്ച അപൂർവമായൊരു സംഗമത്തിനു വേദിയായി. വലതുകൈയിൽ മെഴുകുതിരിയും ഇടതുകൈയിൽ മൈക്കുമായി ആയിരം അമ്മമാരും പെൺകുട്ടികളും ഗ്ലോറിയ ഗീതങ്ങൾ പാടി. ഏഴിനും 12 നും ഇടയിൽ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങൾ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധമാതാവിന്റെയും ഉണ്ണിയേശുവിന്റെയും മാലാഖമാരുടെയും വേഷങ്ങളിൽ അണിനിരന്ന് ജീവനുള്ള പുൽക്കൂട് തീർത്തു. ഇതോടെ "ഗോ ടു ബെത്ലെഹേം' എന്ന പരിപാടി അത്യപൂർവമായൊരു ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിനും അർഹനായി.
വേലൂർ ഫൊറോന മാതൃവേദിയാണ് ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ സവിശേഷമായ ക്രിസ്മസ് കാഴ്ചയൊരുക്കിയത്. ഇരുകൈകളും ഇല്ലാത്ത മോട്ടിവേഷൻ സ്പീക്കർ ജിലുമോൾ (എറണാകുളം) ക്രിസ്മസ് സന്ദേശം നൽകി.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭ പ്രതിപക്ഷനേതാവ് കെ. അജിത്കുമാർ, ഫാ. ആന്റോ എസ്ജെ, ഫാ. ഫ്രാങ്കോ പുത്തിരി, വാർഡ് കൗൺസിലർ ജിൻസി ജോയ്സൺ എന്നി വർ പ്രസംഗിച്ചു.
ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്സ് അധികാരികളായ പീറ്റർ പുന്നോലിപ്പറമ്പിൽ, എം.കെ. ജോസ് എന്നിവർ റിക്കാർഡ് സർട്ടിഫിക്കറ്റ് കൈമാറി. ജോൺ പോൾ, ജൂലി ടിസറന്റ്, ലിസി ജോർജ്, ഷിജി ജോയ് എന്നിവർ നേതൃത്വം നൽകി.