പ്രതിഷേധവുമായി നേതാക്കൾ
1490324
Friday, December 27, 2024 8:45 AM IST
പാലയൂർ: മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ കരോൾഗാനാലാപനം അലങ്കോലമാക്കിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എല്ലാ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും തീർഥകേന്ദ്രത്തിൽ എത്തി ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴയുമായി ചർച്ച നടത്തി. നേതാക്കളെല്ലാം പിന്തുണ പ്രഖ്യാപിക്കുകയും പോലീസ് നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എൻ.കെ. അക്ബർ എംഎൽഎ മുഖ്യമന്ത്രിയെ നേരിൽ കാണുകയും സംഭവത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൽ ഖാദർ, നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, സി.കെ. തോമസ്, മാലിക്കുളം അബ്ബാസ് തുടങ്ങിയവർ തീർഥകേന്ദ്രത്തിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പോലീസിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസൻ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായി ലോക്കൽ സെക്രട്ടറി പി.എസ്. അശോകൻ അറിയിച്ചു . കോൺഗ്രസ് നേതാക്കളായ മുൻ എംപി കെ. മുരളിധരൻ, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, വൈസ് പ്രസിഡന്റ് പി.വി. ബദറുദീൻ, യുഡിഎഫ് കൺവീനർ കെ.വി. ഷാനവാസ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, ജില്ലാ ട്രഷറർ ആർ.വി. അബ്ദുൾ റഹീം, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, ബിജെപി ജില്ലാ ട്രഷറർ അനീഷ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി, നേതാക്കളായ കെ.ജി. രാധാകൃഷ്ണൻ, ഗണേഷ് ശിവജി , വെൽഫെയർ പാർട്ടി പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ നാസർ തുടങ്ങിയവർ എത്തിയിരുന്നു.
കോൺഗ്രസും എസ്ഡിപിഐയും പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ടൗണിൽ പ്രകടനം നടത്തിയിരുന്നു. ഇന്നുരാവിലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. കത്തോലിക്ക കോൺഗ്രസിന്റെ വിവിധ തലത്തിലുള്ള നേതാക്കൾ പള്ളിയിലെത്തി വിവരങ്ങൾ അന്വേഷിച്ചു.