ക്രിസ്മസ് വിപണിയിലെ താരം; മനംമയക്കി മാൻപേടകൾ
1489424
Monday, December 23, 2024 4:15 AM IST
സി.ജി. ജിജാസൽ
തൃശൂർ: കാട്ടിൽ തുള്ളിച്ചാടി നടക്കുന്ന മാൻപേടയാണു മനസ് കീഴടക്കുന്നതെങ്കിൽ ക്രിസ്മസ് വിപണിയിൽ അലങ്കാര ലൈറ്റുകളാൽ തിളങ്ങുന്ന കലമാനുകളാണു താരം. സ്വർണവർണ നിറങ്ങളിൽ തലയുയർത്തി നിൽക്കുന്ന മെറ്റൽ മാനും പലവിധ ലൈറ്റുകളാൽ മനോഹാര കാഴ്ചകൾ സമ്മാനിക്കുന്ന ഫൈബർ മാനും ജീവൻ തുടിക്കുന്ന മാൻകുട്ടിയും അടക്കം പലവിധ മാനുകൾ ഇടം പിടിച്ച ഈ ക്രിസ്മസ് വിപണിയിൽ മാനുകളെ തേടിയും അവയുടെ ചിത്രം കാമറയിൽ പകർത്താനും നിരവധിപ്പേരാണ് എത്തുന്നത്.
നാലടി വലിപ്പമുള്ള ഗോൾഡൻ മാനിനു 4,500 രൂപയാണ് വില വരുന്നത്. ഇവയിൽ വാം ലൈറ്റുകൾ കൂടി പ്രകാശിക്കുന്നതോടെ സ്വർണമേനി കൂടുതൽ അഴക് വിടർത്തും. ഏഴഴകുള്ള നിറങ്ങളിൽ വർണവിസ്മയം ഒരുക്കുന്ന ഫൈബർ മാനുകളെ അതിരുകൾതാണ്ടി ബോംബെയിൽനിന്നാണ് എത്തിക്കുന്നത്. ഡയമണ്ട് കട്ടുകൾ നിറഞ്ഞ ശരീരത്തിന് അകത്തുനിന്നും ലൈറ്റുകൾ പ്രകാശിക്കുന്പോൾ ആരും കണ്ണിമയ്ക്കാതെ നോക്കും.
വിലയുടെ കാര്യത്തിൽ അല്പം മുന്നിട്ടുനിൽക്കുന്ന ഇവയ്ക്ക് 8,650 നൽകണം. ഇവയ്ക്കുപുറമെ വ്യത്യസ്ത തുണികളിൽ തീർത്ത വലുതും ചെറുതുമായ മാനുകൾക്കും ആവശ്യക്കാരേറെയാണ്. കൂട്ടത്തിൽ വിവിധതരം സ്നോമാനും ക്രിസ്മസ് പാപ്പാമാരുടെ ബൊമ്മകളും വിപണിയിൽ ക്രി സ്മസ് ആവേശം നിറയ്ക്കുന്നു ണ്ട്. ക്രിസ്മസ് പാപ്പമാരുടെ ബൊമ്മകൾക്ക് 120 മുതൽ 750 രൂപ വരെയാണ് വില വരുന്നത്. സ്നോ മാൻ ഒരടി, രണ്ടടി, മൂന്നടി വലിപ്പം ഉള്ളവയ്ക്ക് 3,450, 4,500, 5,800 എന്നിങ്ങനെയാണ് വില.