ഇരുതലമൂരിയെ പിടികൂടി വില്പന: രണ്ടുപേർ പിടിയിൽ
1489877
Wednesday, December 25, 2024 12:53 AM IST
പുത്തൂർ: പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽനിന്ന് ഇരുതലമൂരിയെ പിടികൂടി വില്പന നടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടുപേർ പിടിയിൽ. കയ്പമംഗലം സ്വദേശികളായ ചിമ്മിണിയിൽ മുഹമ്മദ് മാലിക് (55), പുതുക്കാട്ടുപറമ്പിൽ അഷറഫ് ചാണ്ടി എന്നുവിളിക്കുന്ന അജീഷ് (37) എന്നിവരെയാണ് പട്ടിക്കാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ മാന്ദാമംഗലം വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
2021 ൽ ഇരുതലമൂരിയെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് കച്ചവടം ചെയ്യുന്നതിനിടയിൽ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പിടികൂടിയിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ടു പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
മറ്റൊരു സാമ്പത്തികത്തട്ടിപ്പുകേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മാലിക്കിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെതുടർന്നാണ് അഷറഫിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അഷറഫിനെ മൂന്നുപീടികയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പട്ടിക്കാട് ഫോറസ്റ്റ് ഓഫീസർ എ.സി. പ്രജി, മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസർ എം. ഷാജഹാൻ, എം.പി. സജീവ് കുമാർ, പി.കെ. മുഹമ്മദ് ഷമീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു. രാജ്കുമാർ, കെ.വി. ദിപു, എം.എൻ. ഷിജു, സി.എസ്. അഞ്ജന, എം.പി. ബിജേഷ്, രാഹുൽ ശങ്കർ, അനിൽകുമാർ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു